രോഹിത് തുടക്കത്തിലെ പുറത്തായെങ്കിലും ഗില്ലിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തില്‍ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ 7 വിക്കറ്റിന് മറികടന്നു.

ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പരസ്പരമുള്ള ധാരണപ്പിശകില്‍ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ. ധരംശാലയിൽ നടന്ന മത്സരത്തിൽ റണ്ണൗട്ടിന് പിന്നാലെ രോഹിത് ശർമ്മ കടുത്ത നിരാശ പ്രകടിപ്പിച്ചതും ഗില്ലിന് നേരെ ദേഷ്യപ്പെട്ടതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മത്സരശേഷം ഡ്രസ്സിങ് റൂമിൽ നടന്ന കാര്യം ഗിൽ വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാൻ സ്പിന്നർ അള്ളാ ഗസൻഫറിന്‍റെ പന്ത് മിഡ്-ഓണിലേക്ക് തട്ടിയിട്ട് രോഹിത് സിംഗിളിനായി ഓടിയെങ്കിലും, മറുവശത്തുണ്ടായിരുന്ന ഗിൽ പന്ത് നോക്കി നിൽക്കുകയായിരുന്നു. രോഹിത് പിച്ചിന്‍റെ പകുതി പിന്നിട്ടപ്പോള്‍ ഗൻസഫര്‍ ഇടക്ക് കയറിയതോടെ ഗില്ലിന് റണ്ണിനായി ഓടാനായില്ല. ഇതോടെ രോഹിത് തിരിച്ചോടിയെങ്കിലും മിന്നൽ ത്രോയിൽ 16 റൺസെടുത്ത് റണ്ണൗട്ടായി.

അദ്ദേഹം റീപ്ലേ കണ്ടു, പിന്നെ പറഞ്ഞത്...

റണ്ണൗട്ടിനെക്കുറിച്ച് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് മത്സരശേഷം ശുഭ്‌മാൻ ഗിൽ മറുപടി നൽകി. അദ്ദേഹം പിന്നീട് ഡ്രസ്സിങ് റൂമിലിരുന്ന് ആ റണ്ണൗട്ടിന്‍റെ റീപ്ലേ കണ്ടിരുന്നു എന്ന് എനിക്കറിയാം. അതിനുശേഷം ഏയ്, അതൊന്നും കുഴപ്പമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മുൻപ് അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20 മത്സരത്തിലും അദ്ദേഹം ഇതുപോലെ റണ്ണൗട്ടായിട്ടുണ്ടെന്നും ഗിൽ പറഞ്ഞു.

രോഹിത് തുടക്കത്തിലെ പുറത്തായെങ്കിലും ഗില്ലിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തില്‍ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ 7 വിക്കറ്റിന് മറികടന്നു. ഗിൽ 11 ഫോറുകളും 2 സിക്സറുകളും അടക്കം 84 റൺസോടെ പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കി. മത്സരത്തില്‍ അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്‍റെ സെഞ്ച്വറി പ്രകടനത്തെയും ഇന്ത്യൻ ക്യാപ്റ്റൻ പ്രശംസിച്ചു.

Scroll to load tweet…

ഒരു ടി20 മത്സരത്തെ പോലെയായിരുന്നു ഇരു ടീമുകളും മത്സരത്തെ സമീപിച്ചത്. ഞങ്ങൾ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഗുർബാസിന്‍റെ തകർപ്പൻ ബാറ്റിങ്ങിലൂടെ അവർ കളി ഞങ്ങളിൽ നിന്ന് പിടിച്ചെടുത്തു. പക്ഷേ ഞങ്ങൾ തിരിച്ചുവന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു ഇത്. ഞങ്ങൾ ബൗൾ ചെയ്യുമ്പോൾ പന്തിന് ചെറിയ ഗ്രിപ്പ് ലഭിച്ചിരുന്നു, എന്നാൽ ബാറ്റിങ്ങിലേക്ക് വന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി- ഗിൽ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക