ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമാകും. 

വഡോദര: ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നഷ്ടമാകും. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നതോടെയാണ് താരത്തിന് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായത്.

സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും. ആദ്യമായിട്ടാണ് ബദോനിക്ക് ഇന്ത്യക്ക് ടീമിലേക്കുള്ള വിളി വരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന ബദോനി അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

രണ്ടും മൂന്നും ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍, ആയുഷ് ബദോനി.

വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദര്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി.

YouTube video player