കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാരുടെ റോള്‍ പന്തിന്റെ തിളക്കം പോകുന്നതുവരെ പിടിച്ചു നിന്ന് റണ്‍സ് കണ്ടെത്തുക എന്നതായിരുന്നു. എന്നാല്‍ വീരേന്ദര്‍ സെവാഗിന്റെ വരവോടെ ഏകദിനശൈലിയില്‍ ടെസ്റ്റിലും ബാറ്റ് ചെയ്യാമെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. ടെസ്റ്റിലെ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 23 സെഞ്ചുറികളും 32 അര്‍ധസെഞ്ചുറികളും സെവാഗ് അടിച്ചെടുത്തു.

എന്നാല്‍ ടെസ്റ്റ് ഓപ്പണര്‍മാരുടെ സമീപനം തന്നെ മാറ്റിയത് സെവാഗല്ലെന്ന് വ്യക്തമാക്കുകയാണ് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. പാക് താരം ഷാഹിദ് അഫ്രീദിയാണ് ടെസ്റ്റ് ഓപ്പണര്‍മാരുടെ സമീപനം തന്നെ മാറ്റിയെഴുതിയതെന്ന്  അക്രം പറയുന്നു. പാക്കിസ്ഥാന് വേണ്ടി 27 ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള അഫ്രീദി ഇതില്‍ 16 ടെസ്റ്റില്‍ മാത്രമാണ് ഓപ്പണറായി എത്തിയത്. 1999-2000ലാണ് അഫ്രീദി ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയത്. ഓപ്പണറായി ഇറങ്ങിയ അഫ്രീദിയെ ആര്‍ക്ക് വേണമെങ്കിലും പുറത്താക്കാമായിരുന്നു. പക്ഷെ മോശം പന്തുകളാണെങ്കില്‍ അത് ആര് എറിഞ്ഞാലും അതിര്‍ത്തി കടക്കുമെന്ന് ഉറപ്പായിരുന്നു.

അഫ്രീദിക്ക് ശേഷമാണ് സെവാഗ് എത്തിയത്. 1999-2000ലെ ഇന്ത്യന്‍ പര്യടനത്തില്‍ അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സെലക്ടര്‍മാര്‍ ആദ്യം വിസമ്മതിച്ചുവെന്നും അക്രം പറഞ്ഞു. അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ വിളിച്ചിരുന്നുവെന്നും അക്രം പറ‌ഞ്ഞു. അന്ന് ഇമ്രാനാണ് എന്നോട് പറഞ്ഞത് അഫ്രീദിയെ ടെസ്റ്റില്‍ ഓപ്പണറാക്കാന്‍. അയാളെ എന്തായാലും ടീമിലെടുക്കണമെന്നും ഒന്നോ രണ്ടോ ടെസ്റ്റുകള്‍ സ്വന്തം നിലക്ക് ജയിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സെലക്ടര്‍മാര്‍ ഇതിനോട് ആദ്യം യോജിച്ചില്ല. പിന്നീട് എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടീമിലെടുത്തു. ഇന്ത്യക്കെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണറായി എത്തിയ അഫ്രീദി 141 റണ്‍സടിച്ച അഫ്രീദി അക്രത്തിന്റെ വിശ്വാസം കാത്തു. എന്തൊരും ഇന്നിംഗ്സായിരുന്നു ചെന്നൈയിലെ പിച്ചില്‍ അഫ്രീദി കാഴ്ചവെച്ചത്. സ്പിന്നര്‍മാരായ അനില്‍ കുംബ്ലെയെയും സുനില്‍ ജോഷിയെയും അഫ്രീദി ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിവന്ന് അടിച്ചു പറത്തുകയായിരുന്നുവെന്നും അക്രം പറഞ്ഞു.