രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം എന്ന വിശേഷണം നേടി

മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം എന്ന വിശേഷണം നേടിയിട്ടുണ്ട് നാല്‍പ്പത്തിരണ്ടുകാരനായ താരം. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചു. 

കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സെലക്‌ടര്‍മാര്‍ക്കും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വസീം ജാഫര്‍ നന്ദി പറഞ്ഞു. കളിക്കാന്‍ അവസരം തന്ന മുംബൈ, വിദര്‍ഭ ടീമുകള്‍ക്കും നന്ദി രേഖപ്പെടുത്തി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് വസീം ജാഫര്‍. രഞ്ജിയില്‍ 12,000 റണ്‍സ് നേടിയ ആദ്യ താരമായി. കരിയറിലെ ഏറിയ കാലവും മുംബൈക്കായി കളിച്ച താരം പിന്നീട് വിദര്‍ഭക്കായും പാഡുകെട്ടി. രഞ്ജിയില്‍ 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടത്തിലുമെത്തി. 

Read more: രഞ്‌ജി ട്രോഫിയില്‍ വസീം ജാഫര്‍ തന്നെ കിംഗ്: കേരളത്തിനെതിരെ ചരിത്രനേട്ടം

1996-97 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജാഫര്‍ 256 മത്സരങ്ങളില്‍ നിന്ന് 19,211 റണ്‍സ് സ്വന്തമാക്കി. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതിലുണ്ട്. 314 ആണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമുറപ്പിക്കാന്‍ വസീം ജാഫറിനായില്ല. 2008ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ടെസ്റ്റില്‍ 1,944 ഉം ഏകദിനത്തില്‍ 10 റണ്‍സുമാണ് സമ്പാദ്യം. ലിസ്റ്റ് എ കരിയറില്‍ 4849 റണ്‍സ് നേടി.