മുംബൈ: നിലവിലെ താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ കളിക്കാരന്‍ ആരായിരിക്കും. ആദ്യം വരുന്ന പേരുകള്‍ എം എസ് ധോണിയുടേതും വിരാട് കോലിയുടേതുമെല്ലാം ആയിരിക്കും, ലോക ക്രിക്കറ്റിലാണെങ്കില്‍ കെയ്ന്‍ വില്യാംസണ്‍ മുതല്‍ സ്റ്റീവ് സ്മിത്ത് വരെ നിരവധി പേരുകാരുണ്ട്. എന്നാല്‍ ചോദ്യം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ വസീം ജാഫറിനോടാണെങ്കില്‍ അദ്ദേഹത്തിന്റെ മറുപടി അല്‍പം വ്യത്യസ്തമാണ്.

ഒരു ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് സജീവ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ കളിക്കാരനെ ജാഫര്‍ പ്രഖ്യാപിച്ചത്. അത് മറ്റാരുമല്ല, ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ തന്നെയാണ്. മുംബൈക്കായി ഒരുമിച്ച് കളിച്ചവരാണ് ജാഫറും രോഹിത്തും. കഴിഞ്ഞ രഞ്ജി സീസണോടെയാണ് 41കാരനായ ജാഫര്‍ ആഭ്യന്തര ക്രിക്കറ്റ് മതിയാക്കിയത്.

പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് വിരാട് കോലിക്ക് കായികക്ഷമത നിലനിര്‍ത്തിയാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും സ്വന്തമാക്കാന്‍ കഴിയുമെന്നും ജാഫര്‍ പറഞ്ഞു.

ധോണിയുമായുള്ള ഓര്‍മയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലെ ധോണിയുടെ ആദ്യത്തെ ഒന്നോ രണ്ടോവര്‍ഷം ധോണി പറ‍ഞ്ഞത് തനിക്ക് 30 ലക്ഷം രൂപ ഉണ്ടാക്കണമെന്നും ആ പണം കൊണ്ട് ബാക്കിയുള്ള ജീവിതം സുഖമായി ജീവിക്കണമെന്നുമായിരുന്നുവെന്ന് ജാഫര്‍ വെളിപ്പെടുത്തി.

 

രഞ്ജിയില്‍ 150ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജാഫര്‍ രഞ്ജിയില്‍ 12000 റണ്‍സടിക്കുന്ന ആദ്യ ബാറ്റ്സ്മാനുമാണ്. രഞ്ജി സീസണില്‍ 1000ല്‍ അധികം റണ്‍സ് രണ്ട് തവണ നേടിയിട്ടുള്ള ജാഫര്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ്.