ഐപിഎല്‍ പതിനഞ്ചാം സീസണും അത്ര നല്ല ഓര്‍മകളല്ല പന്തിന് നല്‍കുന്നത്. എന്നാല്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഗംഭീര പ്രകടനം നടത്തുന്നുണ്ട്. ഫിനിഷര്‍ റോളില്‍ അദ്ദേഹം തിളങ്ങുന്നു.
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs IND) ടി20 പരമ്പരയില്‍ മോശം ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishabh Pant). ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ രണ്ടും മൂന്നും ടി20കളില്‍ രണ്ടക്കം കാണാന്‍ പന്തിന് സാധിച്ചില്ല. ഐപിഎല്‍ പതിനഞ്ചാം സീസണും അത്ര നല്ല ഓര്‍മകളല്ല പന്തിന് നല്‍കുന്നത്. എന്നാല്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഗംഭീര പ്രകടനം നടത്തുന്നുണ്ട്. ഫിനിഷര്‍ റോളില്‍ അദ്ദേഹം തിളങ്ങുന്നു. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് വിശ്രമം നല്‍കിയിരുന്നു. കാര്‍ത്തികായിരിക്കും വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയുക.
ഇപ്പോള്‍ പന്തിനെ കാര്യത്തില്‍ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. വൈകാതെ പന്തിന് ടി20 ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് ജാഫര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സമീപകാലത്തു താരം നടത്തിയ ബാറ്റിങ് പ്രകടനം പരിഗണിക്കുമ്പോള്‍ റിഷഭിന് അധികം മുന്നോട്ടു പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വരും പരമ്പരകളില്‍ തന്നെ അദ്ദേഹത്തിന് സ്ഥിരം സ്ഥാനം ലഭിക്കാനിടയില്ല. വിക്കറ്റ് കീപ്പറുടെ റോള്‍ കാര്‍ത്തികിനും കെ എല്‍ രാഹുലിനും കൈകാര്യം ചെയ്യാം. രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനും ഗ്ലൗസണിയാം. അതുകൊണ്ടുതന്നെ പന്തിന് കയ്യൊഴിഞ്ഞാലും പ്രശ്‌നമാവില്ലെന്ന് ഞാന്‍ കരുതുന്നു.'' ജാഫര്‍ പറഞ്ഞു.
''ടെസ്റ്റിലും ഏകദിനത്തിലും പന്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ളത് ശരി തന്നെ. എന്നാല്‍ ടി20 ക്രിക്കറ്റിന് പന്തിന് എടുത്തുപറയാന്‍ ഒന്നുമില്ല. ടി20യില്‍ റിഷഭ് പന്ത് റണ്‍സ് എടുത്തേ തീരൂ. മാത്രമല്ല ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തുകയും വേണം. മറ്റു രണ്ട് ഫോര്‍മാറ്റിലും പുറത്തെടുക്കുന്ന പ്രകടനം ടി20യിലും കളിക്കണം. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.'' ജാഫര്‍ പറഞ്ഞുനിര്‍ത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദില്ലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 29 റണ്‍സാണ് പന്ത് നേടിയത്. രണ്ടാം മത്സരത്തില്‍ അഞ്ചും മൂന്നാം ടി20യില്‍ ആറും റണ്‍സ് മാത്രമാണ് പന്ത് നേടിയത്. ഐപിഎല്ലിലാവട്ടെ 14 മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തത് 340 റണ്‍സ് മാത്രം. ഇന്ത്യക്ക് വേണ്ടി മോശം പ്രകടനമാണ് പന്ത് ടി20 ക്രിക്കറ്റില്‍ പുറത്തെടുത്തിട്ടുള്ളത്. 46 മത്സരങ്ങള്‍ കളിച്ചപ്പോള്‍ സമ്പാദ്യം 723 റണ്‍സ് മാത്രം. ശരാശരിയാവട്ടെ 23.32.
