Asianet News MalayalamAsianet News Malayalam

ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്

ഐപിഎല്ലില്‍ തന്‍റെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍

Wasim Jaffer picks his strongest all time IPL XI These are the major exclusions
Author
Mumbai, First Published May 31, 2022, 7:33 PM IST

മുംബൈ: 15 സീസണുകള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ ടൂര്‍ണമെന്‍റ്- അതാണ് ഐപിഎല്‍(IPL). ഐപിഎല്ലിലെ 15 സീസണുകള്‍ വിലയിരുത്തിയാല്‍ ഇതിഹാസ താരങ്ങളുടെ നീണ്ട നിരതന്നെ ബാറ്റിംഗിലും ബൗളിംഗിലും കാണാം. എം എസ് ധോണിയെയും(MS Dhoni) രോഹിത് ശര്‍മ്മയേയും(Rohit Sharma) പോലുള്ള ക്ലാസ് നായകന്‍മാരും പട്ടികയില്‍പ്പെടും. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്താല്‍ ആ ടീം ഏവരെയും ഞെട്ടിക്കുമെന്നുറപ്പ്. ആരാവും ആ ലോകോത്തര ടീമിന്‍റെ നായകന്‍?

ക്യാപ്റ്റന്‍ എം എസ് ധോണി, രോഹിത് ശര്‍മ്മ പുറത്ത്

ഐപിഎല്ലില്‍ തന്‍റെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍. വിരാട് കോലി, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരെല്ലാമുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ മറികടന്ന് എം എസ് ധോണിയെയാണ് ജാഫര്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ക്രിക്‌ട്രാക്കറിന് വേണ്ടിയാണ് വസീം ജാഫര്‍ ടീമിനെ കണ്ടെത്തിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ബാറ്റിംഗ് ഇതിഹാസങ്ങളായ ഡേവിഡ് വാര്‍ണര്‍, എ ബി ഡിവിലിയേഴ്‌സ് എന്നിവര്‍ ടീമിലില്ല എന്നതാണ് ശ്രദ്ധേയം. 

വിന്‍ഡീസ് വെടിക്കെട്ട് വീരനും ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായ ക്രിസ് ഗെയ്‌ല്‍, ഇന്ത്യയുടെ കെ എല്‍ രാഹുല്‍ എന്നിവരാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ ഇരുവരും വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. കരിയറിലുടനീളം ആര്‍സിബിയില്‍ കളിച്ച വിരാട് കോലി മൂന്നാം നമ്പറില്‍ എത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിംഗ്‌സിന്‍റെ മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌നയാണ് നാലാമത്. ഗുജറാത്ത് ലയണ്‍സിനായും റെയ്‌ന കളിച്ചിട്ടുണ്ട്. ചെന്നൈയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയാണ് ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും. റൈസിംഗ് പുനെ സൂപ്പര്‍ ജയന്‍റ്‌സിനായും ധോണി കളിച്ചിട്ടുണ്ട്. 

ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ആന്ദ്രേ റസലും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഓള്‍റൗണ്ടര്‍മാര്‍. റസല്‍ ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കായും ബാറ്റും ബോളും കൊണ്ട് തിളങ്ങിയപ്പോള്‍ ഓള്‍റൗണ്ട് മികവുമായി ക്യാപ്റ്റന്‍ പാണ്ഡ്യ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. സ്‌പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനൊപ്പം രവിചന്ദ്ര അശ്വിന്‍/യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരിലൊരാളെയാണ് ജാഫര്‍ ഉള്‍പ്പെടുത്തിയത്. മൂവരും വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പേസ് ജീനിയസുകളായ ജസ്‌പ്രീത് ബുമ്ര, ലസിത് മലിംഗ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തി. 

വസീം ജാഫറിന്‍റെ ഐപിഎല്‍ ഓള്‍ടൈം ഇലവന്‍: ക്രിസ് ഗെയ്‌ല്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, സുരേഷ് റെയ്‌ന, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസല്‍, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, രവിചന്ദ്ര അശ്വിന്‍/യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, ലസിത് മലിംഗ. 

IPL 2022 : 'വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണെ ഒഴിവാക്കി'; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ടീം അറിയാം

Follow Us:
Download App:
  • android
  • ios