മുൻ ഇന്ത്യൻ താരം വസീം ജാഫറിന്റെ അഭിപ്രായത്തിൽ, ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാനാവില്ല. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ: 2027-ലെ ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിന്റെ കളിയിലെ സ്ഥിരതയില്ലായ്മയാണ് ഇതിന് കാരണമായി ജാഫര്‍ ചൂണ്ടിക്കാണിക്കുന്നത്. ടി20 ക്രിക്കറ്റില്‍ സഞ്ജു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൂര്‍ദര്‍ശന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ'യില്‍ സംസാരിക്കുകയായിരുന്നു ജാഫര്‍.

ഏകദിന ക്രിക്കറ്റില്‍ ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനാല്‍ സ്ഥിരതയാണ് ഏറ്റവും പ്രധാനം. സഞ്ജു തന്റെ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും, ഏകദിന ക്രിക്കറ്റില്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ താരം പരാജയപ്പെടുന്നുണ്ടെന്ന് ജാഫര്‍ പറഞ്ഞു. സഞ്ജുവിന് പകരം യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളെയാണ് ഏകദിന ഓപ്പണര്‍മാരായി ജാഫര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ഫോര്‍മാറ്റിന് ആവശ്യമായ സാങ്കേതിക തികവും സ്‌ട്രൈക്ക് റൊട്ടേഷന്‍ ചെയ്യാനുള്ള കഴിവും ഇവര്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ച്വറികളും 3 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. അതേസമയം ടി20യില്‍ 66 മത്സരങ്ങളില്‍ നിന്ന് 1,432 റണ്‍സ് താരം നേടിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു, ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവില്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് സഞ്ജു. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സഞ്ജു അഫ്ഗാനെതിരായ പരമ്പരയില്‍ തിരിച്ചുവരികയായിരുന്നു. ശേഷം ഏഷ്യാ കപ്പിലും സഞ്ജു കളിക്കും.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുന്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.

YouTube video player