മുംബൈ: ന്യൂസിലൻഡിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ജയസാധ്യതയുണ്ടായിട്ടും അതിന് ശ്രമിക്കുപോലും ചെയ്യാതിരുന്ന ഇം​ഗ്ലണ്ട് ടീമിനെ ട്രോളി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. അവസാന ദിവസം 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തതോടെ മത്സരം സമനിലയാവുകയായിരുന്നു.

സ്വന്തം നാട്ടിൽ കളിച്ചിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമല്ലാതിരുന്നിട്ടും ഇം​ഗ്ലണ്ട് ജയത്തിനായി ശ്രമിച്ചതുപോലുമില്ല. ഓവറിൽ 3.6 റൺസ് മതിയായിരുന്നു ഇം​ഗ്ലണ്ടിന്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റിനെയും ബാധിക്കില്ലായിരുന്നു.ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ശ്രമിക്കുക. എന്തായാലും ടെസ്റ്റ് ക്രിക്കറ്റിന് ഒട്ടും നല്ലതല്ല ഇതെന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.

ഇം​ഗ്ലണ്ട് ജയത്തിനായി ശ്രമിക്കാതിരുന്നതിനെ മുൻ നായകൻ നാസർ ഹുസൈനും വിമർശിച്ചിരുന്നു. എന്നാൽ ജോസ് ബട്ലറും ബെൻ സ്റ്റോക്സും ഒന്നും ഇല്ലാത്തുകൊണ്ടാകാം സുരക്ഷിതമായി സമനിലക്ക് ഇം​ഗ്ലണ്ട് ശ്രമിച്ചതെന്നും നാസർ ഹുസൈൻ പറഞ്ഞിരുന്നു.

മൂന്നാം ദിനം പൂർണമായും മഴമൂലം നഷ്ടമായ മത്സരം സമനിലയെന്ന് ഉറപ്പിച്ചപ്പോഴാണ് അവസാന ദിവസം 70 ഓവറിൽ 273 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ന്യൂസിലൻഡ് നായകൻ മത്സരത്തിന് ജീവൻ നൽകിയത്. രണ്ടാം ഇന്നിം​ഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്ത കിവീസ് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 70 ഓവറിൽ 273 റൺസ് അസാധ്യമല്ലാതിരുന്നിട്ടും ഇം​ഗ്ലണ്ട് ജയത്തിനായി ശ്രമിക്കാഞ്ഞതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഇം​ഗ്ലണ്ട് ഓപ്പണർ റോറി ബേൺസ് 81 പന്തിൽ 25 റൺസെടുത്തപ്പോൾ മറ്റൊരു ഓപ്പണറായ ഡൊമനിക് സിബ്ലി 207 പന്തിൽ 60 റൺസാണ് നേടിയത്. സാക്ക് ക്രോളി 25 പന്തിൽ രണ്ട് റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ജോ റൂട്ട് 71 പന്തിൽ 40 റൺസെടുത്ത് പുറത്തായി.