ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഓപ്പണറായി ഇറങ്ങേണ്ട എന്ന് ജാഫര്‍ പറയുന്നതാണ് ഏറ്റവും ശ്രദ്ധേയം

മുംബൈ: പുരുഷ താരങ്ങളുടെ ട്വന്‍റി 20 ലോകകപ്പ് 2024 ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ടീം ഇന്ത്യ എന്നാണ് വിലയിരുത്തല്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിലേക്ക് തന്‍റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. നായകന്‍ രോഹിത് ശര്‍മ്മ ഓപ്പണറായി ഇറങ്ങേണ്ട എന്ന് ജാഫര്‍ പറയുന്നതാണ് ഇതിലേറ്റവും ശ്രദ്ധേയം. 

'ട്വന്‍റി 20 ലോകകപ്പില്‍ വിരാട് കോലിയും യശസ്വി ജയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ടീമിന്‍റെ തുടക്കത്തിന് അനുസരിച്ച് മൂന്നും നാലും സ്ഥാനത്ത് ബാറ്റ് ചെയ്യണം. സ്‌പിന്നിനെ നന്നായി കളിക്കുന്ന താരമാണ് രോഹിത് എന്നതിനാല്‍ നാലാം നമ്പറില്‍ അദേഹം ബാറ്റ് ചെയ്യുന്നത് ആശങ്കയേയല്ല' എന്നുമാണ് വസീം ജാഫറിന്‍റെ ട്വീറ്റ്. രോഹിത്-യശസ്വി സഖ്യമായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറാവുക എന്ന് മിക്കവരും കരുതിയിരിക്കേയാണ് വസീം ജാഫര്‍ കോലിയുടെ പേര് വച്ചുനീട്ടുന്നത് എന്നത് കൗതുകകരമാണ്. 

Scroll to load tweet…

കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായി ജൂണ്‍ 1 മുതല്‍ 29 വരെയാണ് ട്വന്‍റി 20 ലോകകപ്പ് നടക്കുക. ജൂണ്‍ ഒന്നിന് ന്യൂയോര്‍ക്കിലെ നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിക്കും. ഇതേ സ്റ്റേഡിയത്തില്‍ അഞ്ചാം തിയതി അയര്‍ലന്‍ഡിന് എതിരെയാണ് നീലപ്പടയുടെ ആദ്യ മത്സരം. ജൂണ്‍ 9ന് നടക്കുന്ന ഇന്ത്യ-പാക് ക്ലാസിക്കാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആകര്‍ഷകമായ മത്സരം. സഹ ആതിഥേയരായ അമേരിക്കയെ ജൂണ്‍ 12നും കാനഡയെ 15നും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളില്‍ നേരിടും. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തുക ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ്മയും സംഘവും ടി20 ലോകകപ്പ് 2024ല്‍ മൈതാനത്തിറങ്ങുക. 

Read more: 'ധോണി എന്‍റെ ശസ്ത്രക്രിയയുടെ ചിലവ് വഹിക്കാമെന്ന് പറഞ്ഞു'; പിച്ച് കയ്യേറിയ ആരാധകന്‍റെ വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം