സ്റ്റോക്സിന് കൈ കൊടുക്കാന്‍ വിസമ്മതിച്ച ജഡേജയാകട്ടെ സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലായിരുന്നു.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ബെന്‍ സ്റ്റോക്സിന്‍റെ കൈകൊടുക്കല്‍ വിവാദത്തില്‍ നാണംകെട്ട് മറ്റൊരു ഇംഗ്ലണ്ട് താരം കൂടി. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കിനെയാണ് ഇന്ത്യൻ താരങ്ങള്‍ നിര്‍ത്തിയങ്ങ് അപമാനിച്ചത്. ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സെഞ്ചുറിയോട് അടുക്കുമ്പോഴായിരുന്നു ഇംഗ്ലണ്ട് നായകന്‍ നാടകീയമായി സമനിലക്ക് സമ്മതിച്ച് കൈ കൊടുക്കാന്‍ എത്തിയത്. ജഡേജയുടെയും സുന്ദറിന്‍റെയും സെഞ്ചുറികള്‍ തടയുക എന്ന ദുരുദ്ദേശമായിരുന്നു സ്റ്റോക്സിന്‍റെ പെട്ടെന്നുള്ള സമനില സമ്മതിക്കലിന് പിന്നിലെന്ന് വ്യക്തമായിരുന്നു.
എന്നാല്‍ സ്റ്റോക്സിന് കൈ കൊടുക്കാന്‍ വിസമ്മതിച്ച ജഡേജയാകട്ടെ സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലായിരുന്നു. തുടര്‍ന്ന് ബ്രൂക്കിനെയും ഡക്കറ്റിനെയും അടിച്ചുപറത്തിയാണോ ജഡ്ഡു നീ സെഞ്ചുറി അടിക്കാന്‍ പോകുന്നത് എന്ന് സ്റ്റോക്സ് ജഡേജയോട് ചോദിക്കുകയും ചെയ്തു. ഇതിന് അപ്പോള്‍ തന്നെ ജഡേജ മറുപടി നല്‍കി. പിന്നെ നീ എന്താ ആഗ്രഹിക്കുന്നത് ഞങ്ങള്‍ക്ക് സമനിലക്ക് സമ്മതിച്ച് തിരിച്ചു നടക്കണമെന്നാണോ എന്നായിരുന്നു ജഡേജയുടെ മറുപടി. എന്നാല്‍ നീ കൈ താ, നിന്നെക്കൊണ്ട് അതിന് കഴിയുമെന്ന് സ്റ്റോക്സ് പറഞ്ഞപ്പോള്‍ എനിക്ക് അതിന് കഴിയില്ലെന്നായിരുന്നു ജഡേജയുടെ മറുപടി.
തുടര്‍ന്ന് ബാറ്റിംഗ് തുടര്‍ന്ന ജഡേജ ബ്രൂക്കിനെ സിക്സിന് പറത്തി അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജ ഹെല്‍മെറ്റ് ഊരി സെഞ്ചുറി ആഘോഷിക്കുന്നതിനിടെ കൈ കൊടുത്ത് പിരിയാനായി ഹാരി ബ്രൂക്ക് എത്തി. വാഷിംഗ്ടണ്‍ സുന്ദറിന് നേരെയാണ് ബ്രൂക്ക് കൈ നീട്ടിയത്. ഈ സമയം വാഷിംഗ്ടണ്‍ സുന്ദര്‍ 92 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ കൈനീട്ടി എത്തിയ ബ്രൂക്കിനെ തീര്‍ത്തും അവഗണിച്ച് ജഡേജയുടെ സെഞ്ചുറി ആഘോഷിക്കാനാണ് സുന്ദര്‍ നേരെ പോയത്.
ഇതോടെ ഇളിഭ്യനായ ബ്രൂക്ക് വീണ്ടും പന്തെറിയാനായി തിരിച്ചു നടന്നു. പിന്നീട് ബ്രൂക്കിന്‍റെ അടുത്ത ഓവറില്‍ ബൗണ്ടറിയും രണ്ട് റണ്‍സും ഓടിയെടുത്ത് സുന്ദറും തന്‍റെ കന്നി ഏകദിന സെഞ്ചുറി തികച്ചശേഷമാണ് ഇന്ത്യ സമനിലക്കായി കൈ കൊടുത്തത്.


