ഐപിഎല്‍ 2024 സീസണിന് മുമ്പ് ടിം ഡേവിഡിന്‍റെ ക്ലബായ മുംബൈ ഇന്ത്യന്‍സിന് വലിയ പ്രതീക്ഷ നല്‍കുന്ന ബാറ്റിംഗ് പ്രകടനമാണിത്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് ത്രില്ലര്‍ ജയമൊരുക്കിയത് വെടിക്കെട്ട് ഫിനിഷിംഗുമായി ടിം ഡേവിഡായിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫിനിഷര്‍മാരില്‍ ഒരാളെന്ന വിശേഷണമുള്ള ടിം ഡേവിഡ് ന്യൂസിലന്‍ഡ് ബൗളര്‍മാരായ ആദം മില്‍നെയെയും ടിം സൗത്തിയെയും പറത്തിക്കളിക്കുന്നതാണ് വെല്ലിംഗ്ടണില്‍ കണ്ടത്. ടീം 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ താന്‍ നേരിട്ട അവസാന എട്ട് പന്തില്‍ ടിം ഡേവിഡ് 28 റണ്‍സടിച്ചു. ഐപിഎല്‍ 2024 സീസണിന് മുമ്പ് ടിം ഡേവിഡിന്‍റെ ക്ലബായ മുംബൈ ഇന്ത്യന്‍സിന് വലിയ പ്രതീക്ഷ നല്‍കുന്ന ബാറ്റിംഗ് പ്രകടനമാണിത്.
വെല്ലിംഗ്‌ടണില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഫിന്‍ അലന്‍ (17 പന്തില്‍ 32), ദേവോണ്‍ കോണ്‍വേ (46 പന്തില്‍ 63), രചിന്‍ രവീന്ദ്ര (35 പന്തില്‍ 68), ഗ്ലെന്‍ ഫിലിപ്സ് (10 പന്തില്‍ 19*), മാര്‍ക് ചാപ്‌മാന്‍ 13 പന്തില്‍ 18*) എന്നിങ്ങനെ കിവികള്‍ക്കായി ബാറ്റ് എടുത്ത എല്ലാവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ട്രാവിസ് ഹെഡ് (15 പന്തില്‍ 24), ഡേവിഡ് വാര്‍ണര്‍ (20 പന്തില്‍ 32), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11 പന്തില്‍ 25), ജോഷ് ഇംഗ്ലിസ് (20 പന്തില്‍ 20) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷിനെ കാഴ്ചക്കാരനാക്കി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് ഓസീസിന് ആറ് വിക്കറ്റിന്‍റെ ജയം ഇന്നിംഗ്സിലെ അവസാന പന്തില്‍ സമ്മാനിച്ചത്.
അവസാന രണ്ടോവറില്‍ 35 റണ്‍സാണ് ഓസ്ട്രേലിയക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ആദം മില്‍നെയുടെ 19-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ 3 റണ്‍സേ പിറന്നുള്ളൂ. അവസാന മൂന്ന് പന്തുകളില്‍ ടിം ഡേവിഡ് 4, 6, 6 എന്നിങ്ങനെ പറത്തി. ഇതോടെ ഓസീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. ടിം സൗത്തി അവസാന ഓവറിലെ ആദ്യ പന്ത് വൈഡ് എറിഞ്ഞു. വീണ്ടുമെറിഞ്ഞ ബോളില്‍ ലെഗ് ബൈയിലൂടെ മിച്ചല്‍ മാര്‍ഷ് ഒരു റണ്ണേ നേടിയുള്ളൂ. രണ്ടാം പന്തില്‍ ടിം ഡേവിഡിനെതിരെയും മൂന്നാം ബോളില്‍ മിച്ചല്‍ മാര്‍ഷിനെതിരെയും ഒരു റണ്‍സ് വീതം മാത്രം വിട്ടുകൊടുത്ത് സൗത്തി പിടിമുറുക്കി. എന്നാല്‍ നാല്, അഞ്ച്, ആറ് പന്തുകളില്‍ 6, 2, 4 റണ്‍സുമായി ടിം ഡേവിഡ് സുന്ദരമായി മത്സരം ഫിനിഷ് ചെയ്തു. ഓസീസ് ആറ് വിക്കറ്റ് ജയവുമായി ഇതോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 10 പന്തില്‍ 31* എടുത്ത ടിം ഡേവിഡിനൊപ്പം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (44 പന്തില്‍ 72*) പുറത്താവാതെ നിന്നു.
ഐപിഎല്‍ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സിനും ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും കരുത്ത് പകരുന്നതാണ് ടിം ഡേവിഡിന്‍റെ ഫോം. മുംബൈ ഇന്ത്യന്‍സ് കീറോണ്‍ പൊള്ളാര്‍ഡിന് പകരംവെക്കാന്‍ പോന്ന ഫിനിഷറായാണ് ഡേവിഡിനെ കാണുന്നത്. 2024ല്‍ രാജ്യാന്തര ട്വന്‍റി 20കളില്‍ 17 പന്തില്‍ 37*, 14 പന്തില്‍ 31*, 19 പന്തില്‍ 41*, 10 പന്തില്‍ 31* എന്നിങ്ങനെയാണ് ടിം ഡേവിഡിന്‍റെ സ്കോര്‍. 233.33 പ്രഹരശേഷിയിലാണ് ടിം ഡേവിഡ് ഫോര്‍മാറ്റില്‍ ഈ വര്‍ഷം ബാറ്റ് വീശുന്നത്.
