ലീഡ്‌സ്: ലീഡ്‌സിലെ മേഘങ്ങള്‍ ആ സമയം കണ്ണുതുറന്നിരിക്കണം. ഇംഗ്ലീഷ് കാണികളുടെ കണ്ണുകളില്‍ നിന്ന് അത് വായിക്കാമായിരുന്നു. അവയുടെ കണ്ണുകളിലേക്കാണ് ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ബെന്‍ സ്റ്റോക്‌സ് പായിച്ചത്. പിന്നാലെ, ആകാശത്തേക്ക് അയാള്‍ തൊടുത്ത ബുള്ളറ്റ് പഞ്ച് ആ മേഘങ്ങളായിക്കാം ഏറ്റുവാങ്ങിയത്. അങ്ങനെ ബിഗ് ബെന്നിന്‍റെ റണ്‍മഴയില്‍ ലീഡ്‌സും ക്രിക്കറ്റ് ലോകവും പ്രകമ്പനം കൊണ്ടു. 

ആഷസില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നിന് സ്റ്റോക്‌സിന്‍റെ ക്ലാസിക് ഫിനിഷിംഗ്. 10-ാം വിക്കറ്റില്‍ ജാക്കിനെ ചേര്‍ത്തുനിര്‍ത്തി 219 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സ്. ലീഡ്‌സിലെ കാണികള്‍ ആനന്ദനൃത്തമാടുകയായിരുന്നു അപ്പോള്‍ ഗാലറിയില്‍. വിജയമധുരം പ്രതീക്ഷിച്ചെത്തിയ ഓസീസ് കാണികള്‍ പോലും കയ്യടിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. മനോധൈര്യവും ക്ലാസും ലോകകപ്പിന് ശേഷം ഒരിക്കല്‍ വെളിപ്പെടുത്തുകയായിരുന്നു സ്റ്റോക്‌സ്.  

കമ്മിന്‍സിനെ അതിര്‍ത്തികടത്തി സ്റ്റോക്‌‌സ് നടത്തിയ വിജയാഘോഷത്തിന് ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ല. ഇത്ര ത്രസിപ്പിച്ച ഒരു ഒറ്റയാന്‍ ഇന്നിംഗ്‌സ് മുന്‍പുണ്ടോ എന്നതുതന്നെ കാരണം. അടിയറവുപറയാന്‍ കൂസാത്ത ഒറ്റയാന്‍റെ വീറും വാശിയും ഇന്നിംഗ്‌സിലുടനീളം പുലര്‍ത്തിയ നിശ്ചയദാര്‍ഢ്യവും ആഘോഷത്തിന്‍റെ മാറ്റുകൂട്ടി. ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ജീവന്‍ നിലനിര്‍ത്തിയ ശേഷം സ്റ്റോക്‌സ് നടത്തിയ ആവേശപ്രകടനം കാണാം.