Asianet News MalayalamAsianet News Malayalam

ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചോ? ഈ വീഡിയോ കാണുക

റെനഗേഡ്‌സ് ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജോര്‍ദാന്‍റെ പറക്കല്‍

Watch Chris Jordon stunning catch in bbl
Author
Perth WA, First Published Dec 21, 2019, 8:58 PM IST

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിന്‍റെ പറക്കും ക്യാച്ചിന്‍റെ ത്രില്ല് അവസാനിക്കും മുന്‍പ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് മറ്റൊരു ക്യാച്ച്. ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേര്‍സിന്‍റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാനാണ് മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മത്സരത്തില്‍ വിസ്‌മയ ക്യാച്ചെടുത്തത്.

റെനഗേഡ്‌സ് ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജോര്‍ദാന്‍റെ പറക്കല്‍. ഫവാദ് അഹമ്മദിന്‍റെ പന്തില്‍ സിക്‌സിനായിരുന്നു ഡാന്‍ ക്രിസ്റ്റ്യനിന്‍റെ ശ്രമം. എന്നാല്‍ ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തിയ ജോര്‍ദാന്‍ വമ്പന്‍ ഡൈവിംഗിലൂടെ പന്ത് പിടിക്കുകയായിരുന്നു. ജോര്‍ദാന്‍റെ ക്യാച്ചിന്‍റെ വീഡിയോ ബിഗ് ബാഷ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.  

ക്രിസ് ജോര്‍ദാനെ അഭിനന്ദിച്ച് ഐസിസിയും രംഗത്തെത്തി. ജോര്‍ദാന്‍റെ ക്യാച്ച് മത്സരത്തിന്‍റെ ഗതിമാറ്റിയപ്പോള്‍ പെര്‍ത്ത് സ്‌കോച്ചേര്‍സ് 11 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ടീം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 196 റണ്‍സെടുത്തു. പുറത്താകാതെ 22 പന്തില്‍ 56 റണ്‍സെടുത്ത നായകന്‍ മിച്ചല്‍ മാര്‍ഷാണ് സ്‌കോച്ചേര്‍സിന്‍റെ ടോപ് സ്‌കോറര്‍. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് 51 റണ്‍സും നേടി.

മറുപടി ബാറ്റിംഗില്‍ മെല്‍ബണിന്‍റെ ഇന്നിംഗ്‌സ് 20 ഓവറില്‍ 185/6 എന്ന സ്‌കോറിലൊതുങ്ങി. പുറത്താകാതെ 37 പന്തില്‍ 67 റണ്‍സെടുത്ത വെബ്‌സ്റ്ററിന് ജയിപ്പിക്കാനായില്ല. 55 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും ഫിഫ്റ്റി നേടി. മത്സരത്തില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ജോര്‍ദാന്‍ നേടി. ഫവാദ് അഹമ്മദ് രണ്ടും പാരിസും അഗറും ഓരോ വിക്കറ്റും വീഴ്‌ത്തിയപ്പോള്‍ പെര്‍ത്ത് ജയിച്ചു. നായകന്‍ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. 

Follow Us:
Download App:
  • android
  • ios