വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്ററുടെ വേറിട്ട സ്‌കൂപ്പ് ഷോട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇതുപോലൊരു സ്‌കൂപ്പ് ഷോട്ട് ഇതുവരെ കണ്ടിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അത്രക്ക് വിചിത്രമായിരുന്നു കാണികളില്‍ ചിരി പടര്‍ത്തിയ ഈ ഷോട്ട്.

ഫോര്‍ഡ് കപ്പില്‍ വെല്ലിങ്ടണിനെതിരായ മത്സരത്തില്‍ ഒട്ടാഗോ താരം നീല്‍ ബ്രൂമാണ് വേറിട്ട ഷോട്ട് പരീക്ഷിച്ചത്. വെല്ലിങ്‌ടണ്‍ നായകന്‍ ഹാമിഷ് ബെന്നറ്റിന്‍റെ ഷോട്ട്പിച്ച് പന്തില്‍ ഉയര്‍ന്നുചാടി ബാറ്റുവീശി വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ ബൗണ്ടറി നേടുകയായിരുന്നു താരം. ഇതുപോലൊന്ന് നേരത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെ ഒട്ടാഗോ ടീം തന്നെയാണ് ട്വിറ്ററില്‍ ഈ ദൃശ്യം പങ്കുവെച്ചത്. 

മത്സരത്തില്‍ 13 ബൗണ്ടറികള്‍ സഹിതം 112 റണ്‍സെടുത്തു നീല്‍. നീലിന്‍റെ ഒന്‍പതാം ലിസ്റ്റ് എ സെഞ്ചുറിയാണിത്. നീലിന്‍റെ ബാറ്റിംഗ് മികവില്‍ രണ്ട് റണ്‍സിന് ഒട്ടാഗോ നാടകീയമായി വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒട്ടാഗോ ആറ് വിക്കറ്റിന് 262 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അവസാന മൂന്ന് പന്തില്‍ ജയിക്കാനാവശ്യമായ മൂന്ന് റണ്‍സ് നേടാന്‍ വെല്ലിങ്‌ടണിനായില്ല.