മൊഹാലി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലേക്ക് ഡേവിഡ് മില്ലറുടെ അതിശയിപ്പിക്കുന്ന പറക്കല്‍. ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ അടയാളപ്പെടുത്തുക ഈ ഒരു ക്യാച്ചിന്‍റെ പേരിലായിരിക്കും. മൊഹാലി ടി20യില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കാന്‍ മില്ലറെടുത്ത ക്യാച്ച് അത്രത്തോളം പ്രശംസയറിയിക്കുന്നുണ്ട്. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 12-ാം ഓവറിലെ നാലാം പന്തില്‍ സ്‌പിന്നര്‍ ഷംസിയെ ഉയര്‍ത്തടിക്കാനുള്ള ശ്രമത്തിലായിരുന്നു ധവാന്‍. എന്നാല്‍ ബൗണ്ടറിലൈനിനരികെ നിന്ന് പറന്നെത്തിയ മില്ലര്‍ വലത്തോട്ട് പറന്ന് ഒറ്റകൈയില്‍ പന്ത് കോരിയെടുത്തു. ലോകോത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ക്യാച്ച് കണ്ട് ശിഖര്‍ ധവാന് വിശ്വസിക്കാനായില്ല. അത്ഭുത ക്യാച്ച് കണ്ടതിന്‍റെ അമ്പരപ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മുഖത്തും പ്രകടമായിരുന്നു.

മികച്ച ബാറ്റിംഗുമായി നിലയുറപ്പിച്ച് കളിക്കവെയാണ് ധവാന്‍ പുറത്തായത്. 31 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 40 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം. ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനായാണ് ധവാന്‍ മടങ്ങിയത്.