മാഞ്ചസ്റ്റര്‍: സ്റ്റീവ് സ്‌മിത്ത്- ജോഫ്ര ആര്‍ച്ചര്‍ പോരാണ് ഇക്കുറി ആഷസില്‍ തീകോരിയിട്ടത്. എന്നാല്‍ മറ്റൊരു തീപാറും പോരാട്ടം കൂടി ലോക ക്രിക്കറ്റിലെ ബന്ധവൈരികള്‍ തമ്മില്‍ നടക്കുന്നുണ്ട്. ഡേവിഡ് വാര്‍ണര്‍- സ്റ്റുവര്‍ട്ട് ബ്രോഡ് പോരാട്ടമാണത്. ബ്രോഡിന്‍റെ സ്ഥിരം ഇരയായി വാര്‍ണര്‍ മാറുന്നു എന്നതാണ് ഈ പോരിനെ ശ്രദ്ധേയമാക്കുന്നത്. 

മാഞ്ചസ്റ്ററില്‍ തുടക്കമായ നാലാം ആഷസ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലും ബ്രോഡിന് മുന്നില്‍ വാര്‍ണര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ബ്രോഡ് എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ വാര്‍ണര്‍ പൂജ്യത്തിന് പുറത്തായി. ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ വന്ന ബ്രോഡിന്‍റെ പന്തിനെ ലീവ് ചെയ്യാന്‍ വാര്‍ണര്‍ നടത്തിയ ശ്രമമാണ് എഡ്‌ജായി വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിയത്.

ഈ ആഷസ് പരമ്പരയില്‍ അഞ്ചാം തവണയാണ് ബ്രോഡിന് മുന്നില്‍ വാര്‍ണര്‍ അടിയറവുപറയുന്നത്. ഇക്കുറി ബ്രോഡിന്‍റെ 87 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 32 റണ്‍സ് മാത്രം നേടിയാണ് അഞ്ച് വിക്കറ്റ് വലിച്ചെറിഞ്ഞത്. 2, 8, 3, 5, 61, 0, 0 എന്നിങ്ങനെയാണ് ഈ ആഷസില്‍ വാര്‍ണറുടെ സ്‌കോര്‍. ടെസ്റ്റ് കരിയറിലാകെ 10 തവണ വാര്‍ണര്‍ ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്.