ഏകദിനത്തില്‍ റുതുരാജ് തിളങ്ങാന്‍ പോകുന്നില്ലെന്ന് ബസ് ഡ്രൈവര്‍ക്ക് അറിയാമെന്നും അതുകൊണ്ട് ഒഴിവാക്കി പോകാന്‍ നോക്കിയതാണെന്നുമായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ഹോട്ടലിലേക്ക് പോകാനായി ടീം ബസില്‍ കയറാനെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് ബസിലേക്ക് കാലെടുത്തുവെക്കും മുമ്പെ ഡ്രൈവര്‍ ഡോര്‍ അടച്ചു. മൊബബൈല്‍ ഫോണില്‍ നോക്കി തോളില്‍ ബാഗും തൂക്കി ബസിനുനേര്‍ക്ക് നടന്നുവന്ന റുതുരാജ് ബസിന്‍റെ സ്റ്റെപ്പിലേക്ക് കാലെടുത്തു വെക്കാന്‍ ഒരുങ്ങവെയാണ് ഡ്രൈവര്‍ അപ്രതീക്ഷിതമായി ഡോര്‍ അടച്ചത്. ഇതോടെ ഒരു നിമിഷം സ്ത്ബധനായി റുതുരാജ് നില്‍ക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ഇതിനിടെ റുതുരാജിന്‍റെ വീഡിയോ കണ്ട് ആരാധകര്‍ ട്രോളുമായി എത്തുകയും ചെയ്തു. ലോകകപ്പ് മത്സരത്തിനിടെ ക്രീസിലിറങ്ങാന്‍ വൈകിയതിന്‍റെ പേരില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈം ഔട്ട് വിളിച്ച് പുറത്താക്കിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനാണ് ടീം ബസിന്‍റെ ഡ്രൈവറെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്.
അതേസമയം, ആദ്യ മത്സരത്തില്‍ 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയ ഗെയ്ക്‌വാദിനെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പുറത്താക്കിയതാണെന്നും ചിലര്‍ കമന്‍റ് ചെയ്തു. ഏകദിനത്തില്‍ റുതുരാജ് തിളങ്ങാന്‍ പോകുന്നില്ലെന്ന് ബസ് ഡ്രൈവര്‍ക്ക് അറിയാമെന്നും അതുകൊണ്ട് ഒഴിവാക്കി പോകാന്‍ നോക്കിയതാണെന്നുമായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.
ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന്‍റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗും നാലു വിക്കറ്റെടുത്ത ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിംഗില്‍ റുതുരാജ് തുടക്കത്തിലെ മടങ്ങിയെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനാസായം ജയത്തിലെത്തിച്ചു.
