മത്സരം തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ചീറ്റി ആണ് തീ അണച്ചത്.
മുള്‍ട്ടാന്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തിന് മുമ്പ് ഫ്ലഡ് ലൈറ്റിന് തീപിടിച്ചത് ആരാധകരെ പരിഭ്രാന്തരാക്കി. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ലാഹോര്‍ ക്യുലാന്‍ഡേഴ്സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തൊട്ടു മുമ്പാണ് ഫ്ലഡ് ലൈറ്റില്‍ തീ പടര്‍ന്നത്. പി എസ് എല്‍ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ചാണ് ഫ്ലഡ് ലൈറ്റില്‍ തീ പിടിച്ചത്.
മത്സരം തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ചീറ്റി ആണ് തീ അണച്ചത്. ഫ്ലഡ് ലൈറ്റില്‍ തീ കണ്ടതോടെ ആരാധകര്‍ പരിഭ്രാന്തരായി സ്റ്റേഡിയത്തില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് തിക്കും തിരക്കും നിയന്ത്രിച്ചതിനാല്‍ അപകടമൊഴിവായി. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചശേഷമാണ് മത്സരത്തിന്‍റെ ടോസ് ഇട്ടത്.
ടോസ് നേടിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ക്യാപ്റ്റന്‍ മൊഹമ്മദ് റിസ്‌വാന്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സിനെ ബാറ്റിംഗിന് അയച്ചു. ഫഖര്‍ സമന്‍റെ(42 പന്തില്‍ 66) വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ലാഹോര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തി റിസ്‌വാനും ഷാന്‍ മസൂദും മികച്ച തുടക്കം നല്‍കിയിട്ടും മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഒരു റണ്ണിന് തോറ്റു.
50 പന്തില്‍ 75 റണ്‍സെടുത്ത റിസ്‌വാനും 31 പന്തില്‍ 35 റണ്‍സെടുത്ത മസൂദും പുറത്തായശേഷം ഡേവിഡ് മില്ലറും(20 പന്തില്‍ 25) കെയ്റോണ്‍ പൊള്ളാര്‍ഡും(12 പന്തില്‍ 20) പൊരുതിയെങ്കിലും അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 15 റണ്‍സെടുക്കാന്‍ അവര്‍ക്കായില്ല. അവസാന ഓവറിലെ രണ്ടാം പന്തില്‍ പൊള്ളാര്‍ഡിനെ പുറത്താക്കി സമന്‍ ഖാന്‍ അടുത്ത പന്തില്‍ ഉസ്മാന്‍ ഖാനെയും പുറത്താക്കി. നാലാം പന്തില്‍ ഉസാമ മിര്‍ റണ്ണൗട്ടായി. അടുത്ത രണ്ട് പന്തിലും ബൗണ്ടറി നേടിയെങ്കിലും മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഒരു റണ്ണിന് തോറ്റു.
