എപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വന്നാലും ഞാനും ഷാഹിദ് അഫ്രീദിയുമായുള്ള വാക്‌പോര് കാണിക്കുന്നത് എന്തിനാണ് എന്ന ചോദ്യമുയര്‍ത്തി ഗംഭീര്‍ 

ദില്ലി: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ മലയാളിയായ എസ് ശ്രീശാന്തുമായി കോര്‍ത്ത് വീണ്ടും പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇരുവരും ഒന്നിച്ച് കളിച്ചതായിട്ടും വിരമിച്ച് ഏറെക്കാലം കഴിഞ്ഞ് മൈതാനത്ത് വച്ച് ഉടക്കിയത് ഏവരെയും ഞെട്ടിച്ചു. എന്നാല്‍ ഇതൊന്നുമല്ല, ഗൗതം ഗംഭീറിനെ കുറിച്ച് ആരാധകരുടെ മനസില്‍ വരുന്ന ആദ്യ വാക്‌പോര് 2007ലെ ഒരു ഏകദിനത്തില്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുമായി മുഖാമുഖം വന്നതാണ്. എന്നാല്‍ അതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചോദ്യം ഗംഭീറിന് അത്ര പിടിച്ചില്ല. 

'എപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വന്നാലും ഞാനും ഷാഹിദ് അഫ്രീദിയുമായുള്ള വാക്‌പോര് കാണിക്കുന്നത് എന്തിനാണ്. മറ്റനേകം താരപ്പോരുകളുണ്ട് ഇരു ടീമുകളുടെയും മത്സരങ്ങള്‍ക്കിടയില്‍. എന്തെങ്കിലും പോസിറ്റീവായി കാണിക്കൂ. ഇന്ത്യ പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് നേടിയത് കാണിക്കൂ. അഫ്രീദിയുമായുള്ള പോരാട്ടത്തിന്‍റെ കാര്യമെല്ലാം ഞാന്‍ വിട്ടിട്ട് ഏറെക്കാലമായി. ഒരു ബ്രോഡ്കാസ്റ്റര്‍ സംപ്രേഷണം ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും. അതൊന്നും എന്‍റെ കയ്യിലുള്ള കാര്യമല്ല. പാകിസ്ഥാനെ ഇന്ത്യ ഏറെ പ്രധാനപ്പെട്ട മത്സരങ്ങളില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. അത്തരം പോസിറ്റീവ് വീഡിയോകള്‍ പ്രേക്ഷകരെ കാണിക്കൂ' എന്നും ഗൗതം ഗംഭീര്‍ എഎന്‍ഐയുടെ പോഡ്‌കാസ്റ്റില്‍ പറഞ്ഞു. 

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തില്‍ ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചു, ഫീല്‍ഡ് അംപയര്‍മാര്‍ ഇടപെട്ടിട്ടുപോലും ഗംഭീര്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ തുടര്‍ന്നുവെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോ ലെജന്‍ഡ്സ് ലീഗിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വിശദമാക്കി മലയാളി താരത്തിന് ലെഡജന്‍ഡ്സ് ലീഗ് അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Read more: 'ഇത്ര തരംതാഴാമോ, ഞെട്ടിക്കുന്ന പെരുമാറ്റം'; ഗംഭീറിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ പരസ്യമായി രംഗത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം