വെല്ലിംഗ്‌ടണ്‍: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വെല്ലിംഗ്‌ടണില്‍ നേരിടും മുന്‍പ് ടീം ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. പരിക്കില്‍ നിന്ന് മോചിതനായ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മ പൂര്‍ണ ആരോഗ്യം വീണ്ടെടുത്താണ് ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുന്നത്. വെല്ലിംഗ്‌ടണില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞ ഇശാന്ത് മികച്ച പേസും ബൗണ്‍സും കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇശാന്ത് പരിശീലനം നടത്തുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 

ഇശാന്ത് വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ കളിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാട് കോലി സൂചിപ്പിച്ചിരുന്നു. 'പരിക്കേല്‍ക്കുന്നതിന് മുന്‍പ് എങ്ങനെയായിരുന്നു അതേ രീതിയിലാണ് ഇശാന്ത് ഇപ്പോള്‍ പന്തെറിയുന്നത്. മികച്ച ലെങ്‌തിലും പേസിലും പന്തെറിയുന്നു. ഇശാന്ത് പരിചയസമ്പന്നനായ താരമാണ്. ന്യൂസിലന്‍ഡില്‍ മുന്‍പ് കളിച്ചിട്ടുണ്ട്, ആ മത്സരപരിചയം ടീമിന് ഗുണംചെയ്യും' എന്നുമായിരുന്നു കോലിയുടെ വാക്കുകള്‍. 

ന്യൂസിലന്‍ഡ് പര്യടനത്തിന് മുന്‍പ് ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചിരുന്നു ഇശാന്ത് ശര്‍മ്മ. കഴിഞ്ഞമാസം 21ന് വിദ‍ർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് 31കാരനായ ഇശാന്തിന്റെ കാല്‍ക്കുഴയ്‌ക്ക് പരുക്കേറ്റത്. വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ കാല്‍വഴുതി വീണ ഇശാന്ത് സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. ന്യൂസിലന്‍ഡില്‍ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരുന്നു.