ബാസ്‌ബോള്‍ ശൈലിയില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് തുലച്ച ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് വലിയ വിമര്‍ശനം നേരിടുകയാണ്
ബേ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്ത കാലത്ത് 'ബാസ്‌ബോള്‍' ശൈലിയുമായി അമ്പരപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ടെസ്റ്റിന് ബേ ഓവലില്‍ തുടക്കമായപ്പോഴും ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിയാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ബാസ്‌ബോള്‍ ശൈലിയില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് തുലച്ച ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് വലിയ വിമര്‍ശനം നേരിടുകയാണ്.
ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ കിവീസിന്‍റെ ഇടംകൈയന്‍ പേസറായ നീല്‍ വാഗ്‌നര്‍ക്കെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച റൂട്ട് ആദ്യ ശ്രമത്തില്‍ ബൗണ്ടറി കണ്ടെത്തി. പന്ത് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ തേഡ് മാനിലൂടെ ബൗണ്ടറി കടക്കുകയായിരുന്നു. എന്നാല്‍ വാഗ്‌നര്‍ക്കെതിരെ തന്നെ വീണ്ടും സമാന ഷോട്ടിന് ശ്രമിച്ച റൂട്ടിന് വിക്കറ്റ് നഷ്‌ടമായി. റൂട്ടിന്‍റെ റിവേഴ്‌സ് സ്വീപ്പ് സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. ഇതോടെയാണ് റൂട്ടിനെതിരെ വിമര്‍ശനവുമായി ആരാധകരെത്തിയത്. ടെസ്റ്റില്‍ പരമ്പരാഗത രീതിയില്‍ കളിച്ച് ശീലമുള്ള താരമാണ് ജോ റൂട്ട്. ബാസ്‌ബോള്‍ ശൈലി എല്ലാ താരങ്ങള്‍ക്കും ബാധകമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു. അനാവശ്യ ഷോട്ടിലാണ് താരത്തിന്‍റെ വിക്കറ്റ് വീണത് എന്നതാണ് ആരാധകരുടെ പക്ഷം.
ന്യൂസിലന്‍ഡിന് എതിരായ ഇംഗ്ലണ്ടിന്‍റെ ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുന്നത്. ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏകദിന ശൈലിയില്‍ ബാറ്റ് വീശി 58.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്‌തത് ഏവരേയും അമ്പരപ്പിച്ചു. ബെന്‍ ഡക്കെറ്റ് 68 പന്തില്‍ 84 ഉം ഹാരി ബ്രൂക്ക് 81 പന്തില്‍ 89 ഉം ഓലീ പോപ് 65 പന്തില്‍ 42 ഉം ബെന്‍ ഫോക്‌സ് 56 പന്തില്‍ 38 ഉം റണ്‍സെടുത്തപ്പോള്‍ 11 പന്തില്‍ 15* റണ്‍സുമായി റോബിന്‍സണ്‍ പുറത്താവാതെ നിന്നു. റൂട്ടിന് 14 ഉം നായകന്‍ ബെന്‍ സ്റ്റോക്‌സിന് 19 റണ്‍സുമേ നേടാനായുള്ളൂ.
മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ജിമ്മി ആന്‍ഡേഴ്‌സണ്‍ രണ്ടും ഒലീ റോബിന്‍സണ്‍ ഒന്നും വിക്കറ്റ് നേടി. ടോം ലാഥം(1), കെയ്‌ന്‍ വില്യംസണ്‍(6), ഹെന്‍റി നിക്കോള്‍സ്(4) എന്നിവരുടെ വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. 17 റണ്‍സുമായി ദേവോണ്‍ കോണ്‍വേയും നാല് റണ്‍സെടുത്ത് നീല്‍ വാഗ്‌നറുമാണ് ക്രീസില്‍.
