ജോണി ബെയ്‌ര്‍സ്റ്റോയുടെ വിവാദ പുറത്താകല്‍ കൊണ്ട് ശ്രദ്ധേയമായ ലോര്‍ഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസീസ് 43 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു
ലോര്‍ഡ്‌സ്: ആഷസ് രണ്ടാം ടെസ്റ്റില്‍ വിവാദ പുറത്താകലിന് ശേഷം ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും നല്‍കിയ ചൂടന്‍ ഹസ്തദാനത്തിന്‍റെ വീഡിയോ പുറത്ത്. ഐപിഎല്‍ 2023 സീസണില്‍ കൊമ്പുകോര്‍ക്കലിനൊടുവില്‍ വിരാട് കോലിക്ക് ഗൗതം ഗംഭീര്‍ നല്‍കിയ കടുപ്പത്തിലുള്ള കൈകൊടുക്കലിന് സമമായിരുന്നു ഇതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
ജോണി ബെയ്‌ര്‍സ്റ്റോയുടെ വിവാദ പുറത്താകല്‍ കൊണ്ട് ശ്രദ്ധേയമായ ലോര്‍ഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസീസ് 43 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം ഓസീസ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇംഗ്ലീഷ് താരം ജോണി ബെയ്‌ര്‍സ്റ്റോയും മുഖാമുഖം വന്നത്. കമ്മിന്‍സിനെ തുറിച്ച് നോക്കിയാണ് ബെയ്‌ര്‍സ്റ്റോ മത്സര ശേഷമുള്ള പതിവ് ഹസ്‌തദാനം നടത്തിയത്. സ്കൈ ക്രിക്കറ്റാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. ഐപിഎല്‍ 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള മത്സര ശേഷം ആര്‍സിബി താരമായ കോലിയും ലഖ്‌നൗ ഉപദേഷ്‌ടാവായ ഗംഭീറും തമ്മില്‍ സമാന രീതിയില്‍ അഗ്രസീവായി ഹസ‌്തദാനം ചെയ്‌തിരുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയ്‌ര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കിയതാണ് വലിയ വിവാദമായത്. സംഭവം ക്രിക്കറ്റിന്‍റെ സ്‌പിരിറ്റ് നശിപ്പിക്കുന്നതാണ് എന്നായിരുന്നു ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പ്രതികരണം. ഇരു ടീമുകളും തമ്മിലുള്ള ബന്ധം വഷളാക്കും എന്ന് കോച്ച് ബ്രണ്ടന്‍ മക്കല്ലവും പറഞ്ഞു. എന്നാല്‍ ബെയ്‌ര്‍സ്റ്റോയുടേത് വിക്കറ്റാണ് എന്ന നിലപാടാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
