ഏകദിനത്തിലെ വെടിക്കെട്ട് വീരന്‍ ബട്‌ലറോ എന്ന ചോദ്യമാണ് തീപ്പൊരി ഇന്നിംഗ്‌സ് കണ്ട് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്.
സതാംപ്റ്റണ്‍: ഐപിഎല്ലില്‍ ചെറു ചലനമുണ്ടാക്കിയാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനായി സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് 311 റണ്‍സ്. എന്നാല്‍ ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ബട്‌ലര്‍ തനിരൂപം പുറത്തെടുത്തിരിക്കുന്നു. പേരുകേട്ട പാക്കിസ്ഥാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് ബട്‌ലര്‍ ഏകദിന ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് ശക്തമായ താക്കീത് നല്‍കി.
സതാംപ്റ്റണില്‍ പാക്കിസ്ഥാന് എതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗ്. റൂട്ട് പുറത്തായ ശേഷം 36-ാം ഓവറില്‍ ക്രീസിലെത്തിയ ബട്‌ലര്‍ വെറും 50 പന്തില്‍ എട്ടാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടയില്‍ ബൗണ്ടറിലൈനിലേക്ക് പറന്നത് ആറ് ഫോറും ഒന്‍പത് കൂറ്റന്‍ സിക്‌സുകളും. ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സമാന്‍മാരില്‍ ഒരാളാണ് ബട്‌ലര്‍ എന്ന് ഓര്‍മ്മിപ്പിക്കുന്ന ഇന്നിംഗ്‌സ്.
ബട്‌ലറുടെ വെടിക്കെട്ട് സെഞ്ചുറി കാണാം
അവസാന ഓവറുകളില്‍ ബട്‌ലറും നായകന്‍ ഓയിന്‍ മോര്‍ഗനും ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് 373/3 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. ബട്‌ലര്‍ക്കൊപ്പം മോര്‍ഗന്‍(48 പന്തില്‍ 71 റണ്‍സ്) പുറത്താകാതെ നിന്നു. റോയ്(87) ബെയര്‍സ്റ്റോ(51), റൂട്ട്(40) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രിദിയും ഹസന്‍ അലിയും യാസിര്‍ ഷായും ഓരോ വിക്കറ്റ് നേടി.
