സതാംപ്‌റ്റണ്‍: ആദ്യ ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റുകള്‍, രണ്ടാം ഇന്നിംഗ്‌സില്‍ എട്ട്, മത്സരത്തിലാകെ 86 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 17 വിക്കറ്റുകള്‍!. കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനായി ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ കെയ്‌ല്‍ അബോട്ട് പുറത്തെടുത്ത പ്രകടനമാണിത്. അബോട്ടിന് മുന്നില്‍ സോമര്‍സെറ്റ് തരിപ്പിണമായപ്പോള്‍ പിറന്നത് 63 വര്‍ഷത്തിനിടെയിലെ റെക്കോര്‍ഡ്. 

ജിം ലാക്കറുടെ 1956ലെ 19/90ന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഇന്ത്യന്‍ താരം മുരളി വിജയ് ഉള്‍പ്പെടെയുള്ളവരാണ് അബോട്ടിന്‍റെ മിന്നും ബൗളിംഗിന് മുന്നില്‍ അടിയറവ് പറഞ്ഞത്. അബോട്ടിന്‍റെ തീപാറും ബൗളിംഗിന് മുന്നില്‍ സോമര്‍സെറ്റ് 136 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. സീസണില്‍ ഹാംഷെയറിന്‍റെ ആദ്യ വിജയം കൂടിയാണിത്. 

അബോട്ട് 40 റണ്‍സ് വിട്ടുകൊടുത്ത് ഒന്‍പത് പേരെ പുറത്താക്കിയപ്പോള്‍ സോമര്‍സെറ്റ് ആദ്യ ഇന്നിംഗ്‌സില്‍ 142 റണ്‍സില്‍ പുറത്തായിരുന്നു. ഹാംഷെയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്‍റെ ലീഡ് നേടി. നായകന്‍ ജെയിംസ് വിന്‍സിനൊപ്പം 119 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ബാറ്റിംഗിലും അബോട്ട് തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ അബോട്ട് 46 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് നേടിയപ്പോള്‍ സോമര്‍സെറ്റ് 144 റണ്‍സിന് വീണു.