ക്രോളി മനപൂര്‍വം സമയം നഷ്ടമാക്കുകയാണെന്ന് മനസിലാക്കിയ ഇന്ത്യൻ താരങ്ങള്‍ ഇംഗ്ലണ്ട് താരങ്ങളോട് വാക് പോര് നടത്തി. അമ്പയറോട് പരാതി പറഞ്ഞു.

ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാന നിമിഷങ്ങളില്‍ ലോര്‍ഡ്സ് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്. 376-6 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ 11 റണ്‍സെടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകളും നഷ്ടമാക്കി 387 റണ്‍സിന് ഓള്‍ ഔട്ടായതോടെ മൂന്നാാം ദിനം അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നിരുന്നു. മൂന്നാം ദിനം അവസാന മിനിറ്റുകളില്‍ ജസ്പ്രീത് ബുമ്രയുടെ പന്തുകള്‍ നേരിടുന്നത് ഒഴിവാക്കാനായിരുന്നു ഇംഗ്ലണ്ട് പരമാവധി ശ്രമിച്ചത്.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നതോടെ പരമാവധി സമയം കളയാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളിയുടെയും ബെന്‍ ഡക്കറ്റിന്‍റെയും ശ്രമം. ജസ്പ്രീത് ബുമ്രയെ തന്നെയാണ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവര്‍ എറിയാനേല്‍പ്പിച്ചത്. ബുമ്രയുടെ ആദ്യ രണ്ട് പന്തുകള്‍ നേരിട്ട ക്രോളി രണ്ട് റണ്ണെടുത്തെങ്കിലും മൂന്നാം പന്തിനായി ബുമ്ര റണ്ണപ്പ് തുടങ്ങിയതിന് പിന്നാലെ ക്രോളി ക്രീസില്‍ നിന്ന് പിന്‍മാറി. ക്രോളി മനപൂര്‍വം സമയം നഷ്ടമാക്കുകയാണെന്ന് മനസിലാക്കിയ ഇന്ത്യൻ താരങ്ങള്‍ ഇംഗ്ലണ്ട് താരങ്ങളോട് വാക് പോര് നടത്തി. അമ്പയറോട് പരാതി പറഞ്ഞു.

Scroll to load tweet…

പിന്നീട് രണ്ട് പന്തുകള്‍ കൂടി അതിജീവിച്ച ക്രോളി ബുമ്രയെറിഞ്ഞ അഞ്ചാം പന്ത് പ്രതിരോധിച്ചതിന് പിന്നാലെ പന്ത് ഗ്ലൗസില്‍ കൊണ്ടുവെന്ന് പറഞ്ഞ് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടു. സമയം പാഴാക്കാനുള്ള ക്രോളിയുടെ തന്ത്രത്തോട് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങള്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. കഴിയുന്നില്ലെങ്കില്‍ കയറിപ്പോയി പകരക്കാരനെ ഇറക്കാന്‍ വരെ ഗില്‍ കൈയുകൊണ്ട് ആംഗ്യം കാട്ടി.

Scroll to load tweet…

എന്നാല്‍ ഇതിനിടെ ക്രോളിയുടെ സഹതാരം ബെന്‍ ഡക്കറ്റ് ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. പന്ത് ശരിക്കും കൈയില്‍ കൊണ്ടതിനാലാണ് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടതെന്നും സമയം പാഴാക്കാനല്ലെന്നും പറഞ്ഞ് ഇന്ത്യൻ താരങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബുമ്രയെറിഞ്ഞ അവസാന പന്തും അതിജീവിച്ച ക്രോളി മൂന്നാം ദിനം ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കി. 

Scroll to load tweet…

നേരത്തെ ഇംഗ്ലണ്ടും ഇന്ത്യയും 387 റണ്‍സ് വീതമാണ് ഒന്നാം ഇന്നിംഗ്സില്‍ സ്കോര്‍ ചെയ്തത്. ഇതോടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്നലെ ഒരു വിക്കറ്റ് വീഴ്ത്താനായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന് മേല്‍ മാനസികാധിപത്യം ഉറപ്പാക്കാന്‍ കഴിയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക