നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു

ലണ്ടന്‍: ഓവലിലെ ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 283 റണ്‍സ് പിന്തുടരുന്ന ഓസീസിനായി ഒച്ചിഴയും വേഗത്തിലാണ് മൂന്നാമന്‍ മാര്‍നസ് ലബുഷെയ്‌ന്‍ ബാറ്റ് ചെയ്‌തത്. സാവധാനം തുടങ്ങിയ ലബുഷെയ്‌ന്‍ 82 പന്തുകള്‍ നേരിട്ടപ്പോള്‍ ഒരു ബൗണ്ടറി പോലും നേടിയില്ല. എന്തോ വലിയ അത്ഭുതം വരുന്നുണ്ടെന്ന് ആരാധകരെ തോന്നിപ്പിച്ച് 82 പന്തില്‍ വെറും 9 റണ്‍സെടുത്ത് ഓസീസ് താരം മടങ്ങി. പുറത്തായതാവട്ടെ ജോ റൂട്ടിന്‍റെ ലോകോത്തര സ്ലിപ് ക്യാച്ചിലും. 

ഇംഗ്ലണ്ടിന്‍റെ 283 റണ്‍സ് പിന്തുടര്‍ന്ന് ഒരു വിക്കറ്റിന് 61 റൺസ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനായി പതുക്കെ ബാറ്റിംഗ് തുടങ്ങുകയായിരുന്നു മാര്‍നസ് ലബുഷെയ്‌ന്‍. എന്നാല്‍ ഓസീസ് ഇന്നിംഗ്‌സിലെ 43-ാം ഓവറിലെ അഞ്ചാം പന്തില്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ബാറ്റ് വെച്ച താരം എഡ്‌ജായി സ്ലിപ്പില്‍ ജോ റൂട്ടിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഔട്ട്‌സൈഡ് എഡ്‌ജായി സ്ലിപ്പിലേക്ക് വന്ന പന്ത് തന്‍റെ ഇടത്തോട്ട് പറന്ന് ഒറ്റകൈ കൊണ്ട് പിടിക്കുകയായിരുന്നു റൂട്ട്. ഇതോടെ ഓസീസ് 91-2 എന്ന നിലയിലായി. 52 പന്തില്‍ 24 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ആദ്യ ദിനം അവസാന സെഷനില്‍ ഓസീസിന് നഷ്‌ടമായിരുന്നു. ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. 

Scroll to load tweet…

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജോഷ് ഹേസല്‍വുഡും ടോഡ് മര്‍ഫിയും രണ്ട് വീതവും പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും നേടി. 85 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. വാലറ്റത്ത് ക്രിസ് വോക്‌സും(36 പന്തില്‍ 36), മാര്‍ക്ക് വുഡും(29 പന്തില്‍ 28) നടത്തിയ മിന്നലടി ഇംഗ്ലണ്ടിന് തുണയായി. ബെന്‍ ഡക്കെറ്റ്(41 പന്തില്‍ 41), മൊയീന്‍ അലി(47 പന്തില്‍ 34), സാക്ക് ക്രൗലി(37 പന്തില്‍ 22) എന്നിങ്ങനെയാണ് രണ്ടക്കം കണ്ട മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. നായകന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് റണ്‍സിലും ജോണി ബെയ്‌ര്‍സ്റ്റോ നാലിലും പുറത്തായി. 

Read more: 'ബാസ്‌ബോള്‍' ഗുണവും ദോഷവുമായി; ഇംഗ്ലണ്ടിനെ 283ല്‍ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം