സ്‌കൂള്‍ കുട്ടികള്‍ ഇതിലും നന്നായി നടക്കും, ഉഴപ്പിയോടി വിക്കറ്റ് തുലച്ച് റിസ്‌വാന്‍; കലിപ്പായി ബാബര്‍- വീഡിയോ
മുഹമ്മദ് റിസ്‌വാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞതില്‍ ദേഷ്യമടക്കാനാവാതെ ബാബര്‍ അസം, തൊപ്പി വലിച്ചെറിഞ്ഞ് പ്രതിഷേധം

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023ന്‍റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും പാകിസ്ഥാന്‍ ക്രിക്കറ്റിന് നാണക്കേടായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ റണ്ണൗട്ട്. നേപ്പാള്‍ ഫീല്‍ഡര്‍ ദീപേന്ദ്ര സിംഗിന്‍റെ ത്രോ പ്രതീക്ഷിക്കാതിരുന്ന റിസ്‌വാന്‍ അലസനായി ഓടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇതിന്‍റെ എല്ലാ കലിപ്പും പാക് ക്യാപ്റ്റന്‍ ബാബര്‍ അസം മൈതാനത്ത് കാണിച്ചു.
മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 25 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്‌ടമായിരുന്നു. ഇതിന് ശേഷം കൂട്ടുകെട്ടിനുള്ള ശ്രമങ്ങളിലായിരുന്നു ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും. ഇരുവരും അര്‍ധസെഞ്ചുറികളുമായി ടീമിനെ കരകയറ്റും എന്ന് തോന്നിച്ച സമയങ്ങളിലാണ് അലസത കാട്ടി റിസ്‌വാന്‍ വിക്കറ്റ് തുലച്ചത്. പാക് ഇന്നിംഗ്‌സിലെ 24-ാം ഓവറില്‍ സിംഗിളിനായുള്ള ശ്രമത്തിനിടെ അലസമായി ഓടി ദീപേന്ദ്രയുടെ നേരിട്ടുള്ള ത്രോയില്‍ റിസ്‌വാന്‍ പുറത്താവുകയായിരുന്നു. അശ്രദ്ധ കൊണ്ട് മാത്രം റിസ്‌വാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയെന്ന് റിപ്ലേകളില്‍ വ്യക്തമായി. ഇതോടെ തന്‍റെ തൊപ്പി വലിച്ചെറിഞ്ഞാണ് ബാബര്‍ ദേഷ്യം പ്രകടിപ്പിച്ചത്. ഈസമയം റിസ്‌വാന്‍ 44 റണ്‍സിലും ബാബര്‍ 42ലും നില്‍ക്കുകയായിരുന്നു.
മത്സരത്തില്‍ നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര ബാറ്റര്‍ ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന വമ്പന്‍ സ്കോറിലെത്തി. 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. അതേസമയം കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. 27.5 ഓവറില്‍ 124-4 എന്ന നിലയിലായിരുന്ന പാകിസ്ഥാന്‍ ബാബര്‍- ഇഫ്‌തീഖര്‍ ഷോയില്‍ പിന്നീടുള്ള 22.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 218 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഞ്ചാം വിക്കറ്റില്‍ ബാബറും ഇഫ്‌തീഖറും 214 റണ്‍സ് ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം