രണ്ട് മീറ്ററോളം ഉയരമുള്ള ഗ്രീനിന്‍റെ നെഞ്ചളവിലും തലയ്‌ക്കൊപ്പവും പന്തുകള്‍ മൂളിപ്പായുകയായിരുന്നു

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബൗണ്‍സറുകളുടെ പോരാട്ടമായി മാറിയിരിക്കുകയാണ്. ഗംഭീര ബൗണ്‍സറുകള്‍ എറിയാനായി മത്സരിക്കുകയാണ് ഇരു ടീമിലേയും പേസര്‍മാര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങളെ വിറപ്പിച്ച് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ ലോകോത്തര ബൗണ്‍സറുകള്‍ ഏറെ പ്രത്യക്ഷപ്പെട്ടെങ്കില്‍ ഇതിന് മുഹമ്മദ് സിറാജിലൂടെയും മുഹമ്മദ് ഷമിയിലൂടെയും ഉമേഷ് യാദവിലൂടേയും രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയക്ക് മറുപടി നല്‍കുകയാണ് ടീം ഇന്ത്യ. 

ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ബൗണ്‍സറുകള്‍ നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ ഉയരക്കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. രണ്ട് മീറ്ററോളം ഉയരമുള്ള ഗ്രീനിന്‍റെ നെഞ്ചളവിലും തലയ്‌ക്കൊപ്പവും പന്തുകള്‍ മൂളിപ്പായുകയായിരുന്നു. ഇതിലൊരു പന്ത് മുഹമ്മദ് സിറാജിന്‍റെ വലംകൈയില്‍ നിന്നായിരുന്നു. ഗ്രീനിനെതിരെ കുത്തിയുയര്‍ന്ന സിറാജിന്‍റെ പന്ത് താരത്തിന്‍റെ തോളില്‍ തട്ടി തെറിച്ചു. കുത്തിയുയര്‍ന്ന പന്ത് പ്രതിരോധിക്കാന്‍ ഗ്രീന്‍ ബാറ്റുയര്‍ത്തി ശ്രമിച്ചെങ്കിലും പന്ത് ചുമലിന് തൊട്ട് താഴെയായി കൊണ്ടു. ഈ പന്തില്‍ ഗ്രീന്‍ ഏറെ വേദനിക്കുകയും ചെയ്‌തു. അല്‍പ നേരം വിശ്രമം എടുത്ത ശേഷമാണ് താരത്തിന് ബാറ്റിംഗ് തുടരാനായത്. 

ഓവലിലെ ഫൈനല്‍ നാലാം ദിനം ആവേശകരമായി മുന്നേറുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ 469 റണ്‍സ് പിന്തുടര്‍ന്ന ടീം ഇന്ത്യ 296 റണ്‍സില്‍ പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് വലിയ ലീഡ് നേടിക്കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്‌ടമായപ്പോഴും ഓസീസിന്‍റെ സ്കോര്‍ 200 കടന്നിരിക്കുകയാണ്. തകര്‍ത്തടിക്കുന്ന വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ട്. ഓസീസിന്‍റെ ലീഡ് 370 റണ്‍സ് പിന്നിട്ടത് ഇന്ത്യക്ക് ഭീഷണിയാണ്. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41) എന്നിവരുടെ വിക്കറ്റ് ഓസീസിന് നഷ്‌ടമായി. രവീന്ദ്ര ജഡേജ ഇതിനകം മൂന്നും ഉമേഷ് യാദവ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. 

Read more: ജഡേജ ബ്രില്യന്‍സ്, ഇവിടിപ്പോ എന്താ സംഭവിച്ചേ! വിചിത്ര പുറത്താകലുമായി ഗ്രീന്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News