ഇന്ത്യക്ക് മുന്നില്‍ പതറാതെ തകര്‍ത്തടിച്ച നേപ്പാളിനെ പിടിച്ചുകെട്ടിയവരില്‍ ഒരാള്‍ അരങ്ങേറ്റ മത്സരം കളിച്ച തമിഴ്നാട് സ്പിന്നര്‍ സായ് കിഷോറായിരുന്നു. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സായ് കിഷോറും നാലോവറില്‍ 24 റണ്‍സിന് മുന്ന് വിക്കറ്റെടുത്ത രവി ബിഷ്ണോയിയുമാണ് നേപ്പാളിന്‍റെ അട്ടിമറി ഭീഷണി ഇല്ലാതാക്കിയത്.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ യുവനിര സെമിയിലേക്ക് മുന്നേറിയെങ്കിലും ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് നേപ്പാള്‍ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട് സെഞ്ചുറിയുടെയും റിങ്കു സിംഗിന്‍റെ മിന്നല്‍ ഫിനിഷിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തെങ്കിലും മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ 179 റണ്‍സടിച്ചു.
ഇന്ത്യക്ക് മുന്നില്‍ പതറാതെ തകര്‍ത്തടിച്ച നേപ്പാളിനെ പിടിച്ചുകെട്ടിയവരില്‍ ഒരാള്‍ അരങ്ങേറ്റ മത്സരം കളിച്ച തമിഴ്നാട് സ്പിന്നര്‍ സായ് കിഷോറായിരുന്നു. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സായ് കിഷോറും നാലോവറില്‍ 24 റണ്‍സിന് മുന്ന് വിക്കറ്റെടുത്ത രവി ബിഷ്ണോയിയുമാണ് നേപ്പാളിന്‍റെ അട്ടിമറി ഭീഷണി ഇല്ലാതാക്കിയത്.
അരങ്ങേറ്റ മത്സരം കളിച്ച സായ് കിഷോര്‍ മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെയ വികാരനിര്‍ഭരനായി കണ്ണീരണഞ്ഞിഞ്ഞതും ആരാധകര്‍ കണ്ടു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും ഇന്ത്യന്‍ തൊപ്പി അണിയാന്‍ വൈകിയ താരങ്ങളിലൊരാളാണ് സായ് കിഷോര്‍. സായ് കിഷോറിന്‍റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ ലഭിച്ച ഇന്ത്യന്‍ ക്യാപ് എന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇടം കൈയന്‍ സ്പിന്നറായ 26കാരനായ സായ് കിഷോര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിന്‍റെ താരമാണ്. 2022ലെ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് സായ് കിഷോര്‍ കളിച്ചത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് സായ് കിഷോറിനെ ഐപിഎല്ലില്‍ എത്തിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും തമിഴ്നാട് താരം അരങ്ങേറ്റം നടത്തി.