ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സ് പിന്തുടരവേ 51-ാം ഓവറില്‍ ഏഴാം വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യക്ക് 139 റണ്‍സ് മാത്രമാണുണ്ടായിരുന്നത്
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ പോരാട്ടമാണ് എട്ടാം വിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലും കാഴ്‌ചവെച്ചത്. ഇവരില്‍ അക്‌സറിന്‍റെ ഇന്നിംഗ്‌സാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എട്ടാം വിക്കറ്റില്‍ അശ്വിനൊപ്പം 114 റണ്‍സ് ചേര്‍ത്ത അക്‌സര്‍ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടിയാണ് മടങ്ങിയത്. അക്‌സറിന്‍റെ ഇന്നിംഗ്‌സിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് താരം പുറത്തായതിന് ശേഷമുള്ള പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രശംസ വ്യക്തമാക്കുന്നുണ്ട്.
ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സ് പിന്തുടരവേ 51-ാം ഓവറില്‍ ഏഴാം വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യക്ക് 139 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അവിടുന്നങ്ങോട്ട് 114 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ടീമിന്‍റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു അശ്വിനും അക്‌സറും. 71 പന്തില്‍ 37 റണ്‍സുമായി അശ്വിന്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന അക്‌സര്‍ 82-ാം ഓവറിലെ അവസാന പന്തില്‍ ടോഡ് മര്‍ഫിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ടീം സ്കോര്‍ 259ല്‍ എത്തിയിരുന്നു. 115 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം അക്‌സര്‍ 74 റണ്‍സ് നേടി. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ അക്‌സര്‍ 82 റണ്‍സ് നേടിയിരുന്നു. ദില്ലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി അക്‌സര്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സഹതാരങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് താരത്തെ വരവേറ്റത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രശംസയും ശ്രദ്ധേയമായി.
ദില്ലി ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 62 റണ്‍സിന്‍റെ ലീഡായി. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്‍റെ ലീഡ് നേടിയ ഓസീസ് 12 ഓവറില്‍ ഒരു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ന് കളി അവസാനിപ്പിച്ചത്. 40 പന്തില്‍ 39* റണ്‍സുമായി ട്രാവിസ് ഹെഡും 19 പന്തില്‍ 16* റണ്‍സെടുത്ത് മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. 13 പന്തില്‍ 6 റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. നേരത്തെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ഔട്ടായിയിരുന്നു.
