പെര്‍ത്ത്: ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുകയാണ് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗ്. ലോകോത്തര ക്യാച്ചുകളും വ്യത്യസ്തമായ വിക്കറ്റ് ആഘോഷങ്ങളും ഇതിനകം ഏറെ പിറന്നുകഴിഞ്ഞു. കാണികളെ അമ്പരപ്പിച്ച ഒരു വീഡിയോ കൂടി ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാം. 

പെര്‍ത്ത് സ്‌കോച്ചേര്‍സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മിലുള്ള മത്സരത്തില്‍ നിന്നാണ് ഈ രസകരമായ കാഴ്‌ച. റെനഗേഡ് ഇന്നിംഗ്‌സിലെ നാലാം ഓവറിലായിരുന്നു സംഭവം. വലംകൈയന്‍ ഓപ്പണര്‍ ഹാര്‍പറിനെതിരെ പന്തെറിയുന്നത് ജേ റിച്ചാര്‍ഡ്‌സണ്‍. ഓഫ് സ്റ്റംപിലേക്ക് നീങ്ങി ബാറ്റ് ചെയ്യാനായി ഹാര്‍പര്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ച റിച്ചാര്‍ഡ്‌സണ്‍ വൈഡ് എറിഞ്ഞു. 

റിച്ചാര്‍ഡ്‌സണിന്‍റെ സ്ലോ ബോള്‍ വീണത് വൈഡ് ലൈനിന് പുറത്ത് മാത്രമല്ല, പിച്ചിന് പുറത്തെ പുല്ലില്‍ കൂടിയാണ്. ഹാര്‍പര്‍ പന്ത് വെറുതെവിട്ടുമില്ല. ഓഫ്‌സൈഡില്‍ ബാക്ക്‌വേഡ് പോയിന്‍റിലേക്ക് കട്ട് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ഫീല്‍ഡര്‍ കൈപ്പിടിയിലൊതുക്കിയതിനാല്‍ ഹാര്‍പര്‍ക്ക് റണ്‍സും ലഭിച്ചില്ല. 

വീഡിയോ വൈറലായതോടെ പന്തിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തി. സ്‌ട്രൈക്കറുടെ വിക്കറ്റിന്‍റെ ലൈനില്‍ എത്തുമുന്‍പ് പന്ത് ഭാഗികമായോ പൂര്‍ണമായോ പിച്ചിന് പുറത്ത് പിച്ച് ചെയ്താല്‍ നോബോള്‍ ആണ് എന്നാണ് എംസിസിയുടെ നിയമം. 

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍റെ തകര്‍പ്പന്‍ ക്യാച്ചുകൊണ്ടും മത്സരം ശ്രദ്ധേയമായി. റെനഗേഡ്‌സ് ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജോര്‍ദാന്‍റെ പറക്കല്‍. ഫവാദ് അഹമ്മദിന്‍റെ പന്തില്‍ സിക്‌സിനായിരുന്നു ഡാന്‍ ക്രിസ്റ്റ്യനിന്‍റെ ശ്രമം. എന്നാല്‍ ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തിയ ജോര്‍ദാന്‍ വമ്പന്‍ ഡൈവിംഗിലൂടെ പന്ത് പിടിക്കുകയായിരുന്നു. ജോര്‍ദാന്‍റെ ക്യാച്ച് മത്സരത്തിന്‍റെ ഗതിമാറ്റിയപ്പോള്‍ പെര്‍ത്ത് സ്‌കോച്ചേര്‍സ് 11 റണ്‍സിന് വിജയിച്ചു.