തന്‍റെ ശാരീരിക പുരോഗതിയുടെ ചെറിയ കാര്യങ്ങള്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുള്ള റിഷഭ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാഴ്ത്തുന്നത്.

ബെംഗലൂരു: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം റിഷഭ് പന്ത് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആരാധകരെ ഞെട്ടിച്ച് റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം പതുക്കെ നടന്നു തുടങ്ങിയ റിഷഭ് പന്ത് ബെംഗലൂരൂവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ചികിത്സയും കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനവും തുടര്‍ന്നു.

തന്‍റെ ശാരീരിക പുരോഗതിയുടെ ചെറിയ കാര്യങ്ങള്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുള്ള റിഷഭ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാഴ്ത്തുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച റിഷഭ് പന്ത് പരിശീലന മത്സരത്തിനിടെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പടുകൂറ്റന്‍ സിക്സ് പായിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രൗണ്ടിന് സമീപത്തുള്ള ക്ലോക്ക് ടവറിലേക്കാണ് പന്തിന്‍റെ സിക്സ് പറന്നത്.

സഞ്ജു പ്രതിഭയൊക്കെയാണ് പക്ഷെ, തുറന്നു പറഞ്ഞ് കപില്‍ ദേവ്

ഫ്രണ്ട് ഫൂട്ടില്‍ ചാടിയിറങ്ങി ഒറ്റക്കൈക്കൊണ്ട് പോലും സിക്സ് പായിക്കാറുള്ള റിഷഭ് പന്ത് ഇത്തവണ നിന്ന നില്‍പ്പില്‍ കൈക്കുഴകളുടെ ചലനം കൊണ്ട് മാത്രമാണ് സിക്സ് അടിച്ചത്. റിഷഭ് പന്തിന്‍റെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

Scroll to load tweet…

ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും പന്ത് ഇതുവരെ വിക്കറ്റ് കീപ്പിംഗ് പരിശീലനം തുടങ്ങിയിട്ടില്ല. പാദചലനം ശരിയാവാന്‍ സമയമെടുക്കുമെന്നതിനാലാണിത്. പരിക്കുമൂലം ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസിനെതിരായ പരമ്പരയും നഷ്ടമായ പന്തിന് ഈ മാസം തുടങ്ങുന്ന ഏഷ്യാ കപ്പും ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പും നഷ്ടമാകും. അടുത്തവര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെങ്കിലും റിഷഭ് പന്തിന് തിരിച്ചുവരാനാകുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.