26 പന്തില്‍ 45 റണ്‍സായിരുന്ന റിയാൻ പരാഗ് മൊയീന്‍ അലിയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ 31 പന്തില്‍ 75ല്‍ എത്തി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് പന്തില്‍ ആറ് സിക്സ് അടിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ പന്ത്രണ്ടാം ഓവറില്‍ 102-5 എന്ന സ്കോറില്‍ പതറുമ്പോഴായിരുന്നു പരാഗിന്‍റെ പരാക്രമം. ഒരോവറിലല്ല രണ്ടോവറിലായിട്ടായിരുന്നു പരാഗിന്‍റെ തുടര്‍ച്ചയായ ആറ് സിക്സുകള്‍ പിറന്നത്. ഐരിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റര്‍ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സ് പറത്തുന്നത്. മൊയീന്‍ അലിക്കെതിരെ അഞ്ചും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഒരു സിക്സുമാണ് പരാഗ് തുടര്‍ച്ചയായ പന്തുകളില്‍ നേടിയത്.

പതിമൂന്നാം ഓവര്‍ എറിയാനെത്തിയ മൊയീന്‍ അലിക്കെതിരെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ആദ്യ പന്തില്‍ സിംഗിളെടുത്തു. രണ്ടാം പന്ത് നേരിട്ട പരാഗ് അലിയെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയാണ് സിക്സർപൂരത്തിന് തിരികൊളുത്തിയത്. മൊയീന്‍ അലിയുടെ മൂന്നാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ പറന്നു. നാലാം പന്തിനെ ഡീപ് ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിലേക്ക് പറത്തിയ പരാഗ് അഞ്ചാം പന്തിനെ ലോംഗ് ഓണിന് മുകളിലൂടെയും ആറാം പന്തിനെ ലോംഗ് ഓഫിന് മുകളിലൂടെയും പറത്തി മൊയീൻ അലിയുടെ ഓവറില്‍ അടിച്ചെടുത്തത് 32 റണ്‍സായിരുന്നു. 26 പന്തില്‍ 45 റണ്‍സായിരുന്ന പരാഗ് മൊയീന്‍ അലിയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ 31 പന്തില്‍ 75ല്‍ എത്തി.

അവിടെയും നിര്‍ത്താന്‍ പരാഗ് ഒരുക്കമായിരുന്നില്ല. അടുത്ത ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ റിവേഴ്സ് ഹിറ്റിലൂടെ ബാക്‌വേര്‍ഡ് പോയന്‍റിന് മുകളിലൂടെ പറത്തി പരാഗ് ആറ് പന്തില്‍ ആറ് സിക്സ് തികച്ചു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റര്‍ ആറ് പന്തും സിക്സ് പറത്തുന്നത്. രണ്ടോവറുകളിലായിട്ടായിരുന്നു പരാഗിന്‍റെ നേട്ടം. പിന്നീട് ഒരു ബൗണ്ടറി കൂടി പറത്തിയ പരാഗ് പതിനെട്ടാം ഓവറില്‍ ഹര്‍ഷിത് റാണയെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ പുറത്തായി. 45 പന്തില്‍ 95 റണ്‍സെടുത്ത പരാഗിന് അഞ്ച് റണ്‍സകലെ സെഞ്ചുറി നഷ്ടമായി.

Scroll to load tweet…

ഐപിഎല്ലിൽ ക്രിസ് ഗെയ്ൽ, കെയ്റോൺ പൊള്ളാർഡ്, റിങ്കു സിംഗ് എന്നിവർ തുടര്‍ച്ചയായി അഞ്ച് സിക്സുകള്‍ നേടിയിട്ടുണ്ട്. ഗെയ്‌ൽ പഞ്ചാബ് സ്പിന്നര്‍ രാഹുല്‍ ശര്‍മക്കെതിരെയും പൊള്ളാര്‍ഡ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ തിസാര പെരേരക്കെതിരെയും റിങ്കു സിംഗ് ഗുജറാത്തിന്‍റെ യാഷ് ദയാലിനെതിരെയുമായിരുന്നു അഞ്ച് സിക്സുകള്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക