പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എല്‍ബിഡബ്ല്യൂ ആയോ എന്ന് പരിശോധിക്കേണ്ടതിന് പകരം രോഹിത് ശര്‍മ്മയുടെ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു ബ്രോഡ്‌കാസ്റ്റര്‍മാര്‍
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വൈറലായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഒരു ദൃശ്യം. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍ സ്റ്റാര്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെതിരെ എല്‍ബിക്ക് ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തിരുന്നു. അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ രോഹിത് ശര്‍മ്മ ഡിആര്‍എസ് എടുത്തു. ഇതിന് പിന്നാലെയായിരുന്നു രസകരമായ സംഭവം.
പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എല്‍ബിഡബ്ല്യൂ ആയോ എന്ന് പരിശോധിക്കേണ്ടതിന് പകരം രോഹിത് ശര്‍മ്മയുടെ ദൃശ്യങ്ങള്‍ മൈതാനത്തെ വലിയ സ്‌ക്രീനില്‍ കാണിക്കുകയായിരുന്നു ബ്രോഡ്‌കാസ്റ്റര്‍മാര്‍. എന്നാല്‍ ഇത് ഇഷ്‌ടപ്പെടാതിരുന്ന രോഹിത് ശര്‍മ്മ നിങ്ങള്‍ എന്താണ് എന്നെ കാണിക്കുന്നത് എന്ന് ക്യാമറയില്‍ നോക്കി ചോദിക്കുന്ന വീഡിയോയാണ് വൈറലായത്. എന്തായാലും പിന്നാലെ മൂന്നാം അംപയര്‍ എല്‍ബി അനുവദിച്ചു. ആറ് പന്തില്‍ ആറ് റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഹാന്‍ഡ്‌സ്‌കോമ്പിന്‍റെ അടക്കം അഞ്ച് വിക്കറ്റുകള്‍ അശ്വിന്‍ വീഴ്‌ത്തിയപ്പോള്‍ മത്സരം ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ച് നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
നാഗ്‌പൂര്‍ ടെസ്റ്റില്‍ സ്‌പിന്നര്‍മാരുടെ കരുത്തിലാണ് ടീം ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി രവീന്ദ്ര ജഡേജയും മൂന്ന് പേരെ മടക്കി രവിചന്ദ്ര അശ്വിനും 177ല്‍ തളച്ചു. മറുപടി ഇന്നിംഗ്‌സില്‍ നായകന്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയുമായി(120 റണ്‍സ്) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ 400 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ 70 ഉം അക്‌സര്‍ പട്ടേലിന്‍റെ 84 ഉം മുഹമ്മദ് ഷമിയുടെ 37 ഉം നിര്‍ണായകമായി. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ തുടക്കത്തിലെ പന്ത് കറക്കിയപ്പോള്‍ ഓസീസ് വെറും 91 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. പുറത്താകാതെ 25 റണ്‍സുമായി മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് ഓസീസ് ടോപ് സ്കോറര്‍. അശ്വിന്‍ അഞ്ചും ജഡേജയും ഷമിയും രണ്ട് വീതവും അക്‌സര്‍ പട്ടേല്‍ ഒന്നും വിക്കറ്റ് നേടി. ജഡ്ഡുവാണ് കളിയിലെ മികച്ച താരം.
