ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ ഫീള്‍ഡ് ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങള്‍
ന്യൂയോര്‍ക്ക്: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കാണാന്‍ മൈതാനത്തിറങ്ങി ആരാധകന്‍. ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് ഹിറ്റ്‌മാന് അടുത്തെത്തിയ ആരാധകനെ ന്യൂയോർക്ക് പൊലീസ് കീഴ്‌പ്പെടുത്തി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയ ആരാധകനെതിരെ ബലം പ്രയോഗിക്കേണ്ടെന്ന് രോഹിത് ശര്‍മ്മ അമേരിക്കന്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ ഫീള്‍ഡ് ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങള്‍. രോഹിത് ശര്‍മ്മയെ കാണാനായി ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ രണ്ട് അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ആരാധകനെ കായികമായി കീഴ്‌പ്പെടുത്തി. പിന്നാലെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മൈതാനത്തെത്തി. എന്നാല്‍ സുരക്ഷാവലയം ഭേദിച്ച ആരാധകനെ കായികമായി കൈകാര്യം ചെയ്യരുതെന്നും മൈതാനത്തിന്‍റെ പുറത്തേക്ക് സമാധാനപരമായി പിടിച്ചുകൊണ്ടുപോകണമെന്നും രോഹിത് ശര്‍മ്മ പൊലീസിനോട് അഭ്യര്‍ഥിച്ചു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധക ഹൃദയം കീഴടക്കിയത്.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച് രോഹിത് ശര്‍മ്മയും സംഘവും ഗംഭീരമായി തുടങ്ങി. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ ടീം ഇന്ത്യ 183 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 182 റണ്‍സ് നേടി. 32 പന്തില്‍ 53 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40) നിര്‍ണായക പിന്തുണ നല്‍കി. സഞ്ജു സാംസണ്‍ ഒരു റണ്ണില്‍ മടങ്ങി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഹ്മുദുള്ളയാണ് (40 റിട്ടയേര്‍ഡ് ഹര്‍ട്ട്) ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.
