മുംബൈ: 'പന്ത് ചുരണ്ടല്‍' വിവാദത്തിലെ ഒരു വര്‍ഷ വിലക്കിന് ശേഷം അവിസ്‌മരണീയ തിരിച്ചുവരവാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് കാഴ്‌ചവെക്കുന്നത്. ലോകകപ്പില്‍ 379 റണ്‍സ് നേടിയ സ്‌മിത്ത്, 774 റണ്‍സ് അടിച്ചുകൂട്ടി ആഷസിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. സ്‌മിത്തിന്‍റെ അമ്പരപ്പിക്കുന്ന ഈ ഫോമിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വീഡിയോയിലൂടെ.

ആഷസിലെ ആദ്യ ടെസ്റ്റില്‍ സ്‌മിത്തിനെ സ്ലിപ്പില്‍ പിടികൂടാനായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഓഫ് സ്റ്റംപിലേക്ക് നീങ്ങിക്കളിച്ച സ്‌മിത്ത് ലെഗ് സൈഡില്‍ റണ്‍ കണ്ടെത്തി. പന്ത് ലീവ് ചെയ്യുന്നതിലും സ്‌മിത്ത് സ്‌മാര്‍ട്ടായി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ സ്‌മിത്തിന് ലെഗ് സ്ലിപ്പ് ഒരുക്കി ഇംഗ്ലണ്ട്. എന്നാല്‍ ആര്‍ച്ചറുടെ ചില ഷോര്‍ട്ട് പിച്ച് പന്തുകള്‍ സ്‌മിത്തിനെ വലച്ചു. ബാക്ക്‌ഫൂട്ടില്‍ കളിക്കാനായിരുന്നു സ്‌മിത്തിന്‍റെ ശ്രമം. ആര്‍ച്ചറുടെ ബൗണ്‍സറുകളില്‍ സ്‌മിത്ത് മോശം പൊസിഷനിലായിരുന്നു എന്നും സച്ചിന്‍ പറയുന്നു. 

ആഷസിലെ വമ്പന്‍ പ്രകടനത്തോടെ ബ്രാഡ്‌മാനുമായി സ്‌മിത്ത് താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 110.74 ശരാശരിയില്‍ 774 റണ്‍സാണ് സ്‌മിത്ത് അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് കാണികളുടെ കൂവിവിളിയെ മറികടന്ന് സ്‌മിത്ത് മൂന്ന് സെഞ്ചുറി നേടി. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് സ്‌മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. നാലാം സ്ഥാനത്ത് 857 പോയിന്‍റുമായി ആഷസിനിറങ്ങിയ സ്‌മിത്ത് പരമ്പര അവസാനിക്കുമ്പോള്‍ 937 പോയിന്‍റിലെത്തി.