കശ്‌മീര്‍ സന്ദര്‍ശനത്തിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ജമ്മു ആന്‍ഡ് കശ്‌മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആമിര്‍ ഹുസൈന്‍ ലോണിനെ കണ്ടുമുട്ടി

കശ്‌മീര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം വലിയ വാര്‍ത്താപ്രധാന്യം നേടിയിരിക്കുകയാണ്. കശ്മീരില്‍ ആദ്യമായെത്തിയ സച്ചിന്‍ പ്രദേശവാസികള്‍ക്കൊപ്പം നടുറോഡില്‍ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന വിശേഷണം ശിരസാല്‍ വഹിക്കുമ്പോഴും ഒരു സാധാരണ ഇന്ത്യക്കാരനാവാനുള്ള സച്ചിന്‍റെ വിനയത്തെ ഏവരും പ്രശംസിച്ചിരുന്നു. ഇപ്പോള്‍ സച്ചിന്‍റെതായി പുതിയൊരു വീഡിയോ ആരാധകരുടെ മനം കീഴടക്കുകയാണ്.

ജമ്മു കശ്‌മീര്‍ സന്ദര്‍ശനത്തിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കശ്‌മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആമിര്‍ ഹുസൈന്‍ ലോണിനെ കണ്ടു. ആമിറുമായി ക്രിക്കറ്റ് വിശേഷങ്ങളും കുശലവും പങ്കുവെച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അദേഹത്തിന് തന്‍റെ കൈയൊപ്പ് പതിച്ച ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നല്‍കി. 2013ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ പാരാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സച്ചിനായിരുന്നു പ്രചോദനമായത് എന്ന് ആമിര്‍ വ്യക്തമാക്കി. വെറും എട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവിന്‍റെ മില്ലില്‍ വച്ചുണ്ടായ അപകടത്തിലാണ് ആമിറിന് തന്‍റെ ഇരു കൈകളും നഷ്ടമായത്. ഇതിന് ശേഷം കഠിന പ്രയത്നം കൊണ്ട് താരം പാരാ ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ പാരാ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട് ആമിര്‍ ഹുസൈന്‍ ലോണ്‍. സച്ചിനും ആമിറുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയുടെ വൈറലാണ്. കാലുകള്‍ കൊണ്ട് അമ്പരപ്പിക്കും തരത്തില്‍ പന്തെറിയുന്ന ആമിര്‍ തോളും കഴുത്തും ഉപയോഗിച്ചാണ് ബാറ്റ് പിടിക്കുന്നത്. 

Scroll to load tweet…

കശ്മീര്‍ സന്ദര്‍ശനത്തിനിടെ യുവാക്കളുമായി റോഡില്‍ വച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ നേരത്തെ വൈറലായിരുന്നു. യുവാക്കള്‍ക്കൊപ്പം ഏറെനേരം ചിലവഴിച്ച സച്ചിന്‍ അവര്‍ക്കൊപ്പം സെല്‍ഫികള്‍ എടുക്കുകയും കുശലം പറയുകയും ചെയ്തു. 

Read more: ഭൂമിയിലെ സ്വര്‍ഗത്തില്‍ അവതരിച്ച് ക്രിക്കറ്റ് ദൈവം; കശ്‌മീരില്‍ ബാറ്റേന്തി സച്ചിന്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം