സഹതാരങ്ങളുടെ മനസ് മനസിലാക്കി തീരുമാനം കൈക്കൊള്ളുന്ന ക്യാപ്റ്റനായ സഞ്ജുവിന്‍റെ തകർപ്പന്‍ വീഡിയോ

ജയ്പൂർ: സാക്ഷാല്‍ എം എസ് ധോണിയുടെ പിന്‍ഗാമി, തന്ത്രങ്ങളിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗ് വെടിക്കെട്ടിലും 'തല'യും സഞ്ജു സാംസണും തമ്മില്‍ സാമ്യങ്ങളേറെ. ധോണിക്ക് ശേഷം കൂള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണം ഏറ്റുവാങ്ങുകയാണ് സഞ്ജു. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഈ വീഡിയോ തന്നെ ഇതിന് തെളിവ്. 

ഏത് പ്രതിസന്ധി ഘട്ടത്തിലും പതറാതെ ടീമിനെ മുന്നോട്ടുനയിക്കുന്നതിന് അച്ചില്‍ വാർത്തൊരു മാതൃകയാണ് ടീം ഇന്ത്യയുടെയും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെയും ഇതിഹാസ ക്യാപ്റ്റനായ എം എസ് ധോണി. ടീം തോല്‍വിക്കരികെ നില്‍ക്കുമ്പോള്‍ പോലും ധോണിയുടെ മുഖത്ത് തെല്ല് നിരാശയോ പരിഭവമോ സമ്മർദമോ തെളിയില്ല. ഇതേ പാതയിലാണ് രാജസ്ഥാന്‍ റോയല്‍സിനെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ നയിക്കുന്നത്. സഞ്ജുവിന്‍റെ ക്യാപ്റ്റന്‍‌സിയില്‍ സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് റോയല്‍സിന്‍റെ സ്ഥാനം. മൈതാനത്ത് അകത്തും പുറത്തും സഹതാരങ്ങളോട് വളരെ അടുത്തിടപഴകുന്ന ക്യാപ്റ്റനാണ് സഞ്ജു എന്ന് രാജസ്ഥാന്‍ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് വ്യക്തം. ജോസ് ബട്‍ലർ അടക്കമുള്ള വമ്പന്‍ താരങ്ങളോട് വരെ സഞ്ജു കൂളായി ഇടപെടുന്നു. മൈതാനത്ത് സഹതാരങ്ങളുടെ മനസ് മനസിലാക്കി തീരുമാനം കൈക്കൊള്ളുന്ന ക്യാപ്റ്റനായ സഞ്ജുവിന്‍റെ തകർപ്പന്‍ വീഡിയോ ചുവടെ കാണാം. 

Scroll to load tweet…

ഐപിഎല്‍ 2024 സീസണില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍‌സ് അനായാസം പ്ലേഓഫിലെത്തും എന്നാണ് കരുതപ്പെടുന്നത്. 10ല്‍ എട്ട് ജയവും 16 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാന്‍റെ സ്ഥാനം. രണ്ടാമതുള്ള കെകെആറിനേക്കാള്‍ രണ്ട് പോയിന്‍റ് കൂടുതല്‍ സ്വന്തം. ബാറ്റ് കൊണ്ട് കരിയറിലെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു ഇതിനകം 64.17 ശരാശരിയിലും 159.09 സ്ട്രൈക്ക് റേറ്റിലും 385 റണ്‍സ് നേടിയിട്ടുണ്ട്. 

Read more: ഹാർദിക് പാണ്ഡ്യ ലോകകപ്പ് കളിക്കേണ്ടയാളല്ല, പകരം ടീമില്‍ വരേണ്ടിയിരുന്നത് അദേഹം: ഡാനിഷ് കനേറിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം