ഡക്കെറ്റ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ 30 വാര സര്‍ക്കിളില്‍ നിന്ന് പിന്നോട്ടോടി പറന്ന് പന്ത് പിടിക്കുകയായിരുന്നു ശുഭ്‌മാന്‍ ഗില്‍

ധരംശാല: പിന്നോട്ടോടി ക്യാച്ചെടുക്കുക, ക്രിക്കറ്റില്‍ ഏറ്റവും സങ്കീര്‍ണമായ ഫീല്‍ഡിംഗ് ശ്രമമാണത്. പിന്നോട്ട് ഓടുമ്പോള്‍ പന്ത് കാണുക തന്നെ പ്രയാസമാണ് എന്നതും ഓട്ടത്തിനിടെ ഫീല്‍ഡറുടെ നിയന്ത്രണം തെറ്റി വലിയ പരിക്ക് സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നതുമാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ഇത്തരം ക്യാച്ചുകളെടുക്കാന്‍ പലരും അത്രകണ്ട് തുനിയാറില്ല. എന്നിട്ടും പിന്നോട്ടോടി ഉഗ്രന്‍ ക്യാച്ചുമായി അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുഭ്‌മാന്‍ ഗില്‍. 

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കാലുറപ്പിച്ചാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ സാക്ക് ക്രോലിയും ബെന്‍ ഡക്കെറ്റും അനായാസം സ്കോര്‍‌ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ധരംശാല സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. കുല്‍ദീപിന്‍റെ പന്തില്‍ ഇടംകൈയനായ ഡക്കെറ്റ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ 30 വാര സര്‍ക്കിളില്‍ നിന്ന് പിന്നോട്ടോടി പറന്ന് പന്ത് പിടിക്കുകയായിരുന്നു ശുഭ്‌മാന്‍ ഗില്‍. കാണാം ആ സുന്ദര ക്യാച്ച്. 

Scroll to load tweet…

മത്സരത്തില്‍ 58 പന്ത് നേരിട്ട ബെന്‍ ഡക്കെറ്റ് നാല് ബൗണ്ടറികളോടെ 27 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ ബെന്‍ ഡക്കെറ്റ്-സാക്ക് ക്രോലി സഖ്യം 64 റണ്‍സ് ചേര്‍ത്തു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്‍പത് ഇന്നിംഗ്‌സുകളില്‍ 37.89 ബാറ്റിംഗ് ശരാശരിയില്‍ 341 റണ്‍സാണ് ഡക്കെറ്റിന്‍റെ സമ്പാദ്യം. നിലവില്‍ പരമ്പരയിലെ റണ്‍വേട്ടയില്‍ ഒരു സെഞ്ചുറിയോടെ നാലാമതാണ് ഡക്കെറ്റ് നില്‍ക്കുന്നത്. പരമ്പര 3-1ന് ഇതിനകം ടീം ഇന്ത്യ നേടിയതിനാല്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ധരംശാലയില്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത്. 

Read more: കളി കുല്‍ദീപിനോടോ, വിക്കറ്റുകള്‍ തുടരെ വീണ് ഇംഗ്ലണ്ട്; ഭീഷണിയുയര്‍ത്തി ക്രോലിയുടെ ഫിഫ്റ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം