ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് മോശമല്ലാത്ത ബാറ്റിംഗ് തുടക്കം നേടിയിരുന്നു

ധരംശാല: അഞ്ചാം ടെസ്റ്റില്‍ കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നല്‍കി ടീം ഇന്ത്യയുടെ മടങ്ങിവരവ്. ആദ്യ ദിനത്തെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 25.3 ഓവറില്‍ രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലാണ്. സ്‌പിന്നര്‍ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിന്‍റെ രണ്ട് വിക്കറ്റുകളും പിഴുതത്. ഇന്ത്യക്ക് ഭീഷണിയായി സാക്ക് ക്രോലി അര്‍ധസെഞ്ചുറി പിന്നിട്ട് ക്രീസില്‍ നില്‍പ്പുണ്ട്. 71 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സറും സഹിതം 61* റണ്‍സാണ് ക്രോലിയുടെ നേട്ടം. 

ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് മോശമല്ലാത്ത ബാറ്റിംഗ് തുടക്കം നേടി. ബെന്‍ ഡക്കെറ്റും സാക് ക്രോലിയും ചേര്‍ന്ന് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 17.6 ഓവറില്‍ 64 റണ്‍സ് ചേര്‍ത്തു. ആദ്യ ബ്രേക്ക്ത്രൂവിനായി ഇന്ത്യന്‍ ബൗളര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചപ്പോള്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവാണ് വഴിത്തിരിവൊരുക്കിയത്. 58 പന്തില്‍ 27 റണ്‍സ് നേടിയ ഡക്കെറ്റിനെ കുല്‍ദീപിന്‍റെ പന്തില്‍ ശുഭ്‌മാന്‍ ഗില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. വണ്‍ഡൗണായി ക്രീസിലെത്തിയ ഓലീ പോപിനെ ക്രീസില്‍ കാലുറപ്പിക്കാന്‍ കുല്‍ദീപ് യാദവ് സമ്മതിച്ചില്ല. ക്രീസ് വിട്ടിറങ്ങി കുല്‍ദീപിനെ പറത്താന്‍ ശ്രമിച്ച പോപിനെ (24 പന്തില്‍ 11) വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് 25.3 ഓവറില്‍ 100-2 എന്ന നിലയില്‍ നില്‍ക്കേ മത്സരം ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു. 

ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന‍ും ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയും നൂറാം ടെസ്റ്റ് കളിക്കുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത. നൂറാം മത്സരത്തിനുള്ള സ്പെഷ്യല്‍ ക്യാപ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മത്സരത്തിന് മുന്നോടിയായി അശ്വിന് സമ്മാനിച്ചു. കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് മറ്റൊരു സവിശേഷതയാണ്. പടിക്കല്‍ പ്ലേയിംഗ് ഇലവനിലെത്തിയതോടെ രജത് പാടിദാര്‍ ടീമില്‍ നിന്ന് പുറത്തായി. അതേസമയം ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റ് തികയ്ക്കാന്‍ മൂന്ന് വിക്കറ്റ് അരികെ നില്‍ക്കുകയാണ്. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇതിനകം 3-1ന് ടീം ഇന്ത്യ നേടിയിട്ടുണ്ട്. 

Read more: നൂറാം ടെസ്റ്റ് കളിച്ച് അശ്വിന്‍, മലയാളി താരത്തിന് അരങ്ങേറ്റം; ധരംശാലയില്‍ ഇംഗ്ലണ്ടിന് നല്ല തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം