വിജയവാഡ: രഞ്ജി ട്രോഫിയില്‍ ആന്ധ്ര-വിദര്‍ഭ മത്സരം വൈകിയതിന് കാരണക്കാരന്‍ ഒരു പാമ്പ്. വിജയവാഡയിലെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് പാമ്പ് ഫീല്‍ഡ് കയ്യടക്കിയത്. പാമ്പ് മൈതാനത്തുനിന്ന് പുറത്തുപോയതിന് ശേഷം മാത്രമാണ് മത്സരം ആരംഭിക്കാനായത്. മഴയും വെളിച്ചക്കുറവുംമൂലം മത്സരങ്ങള്‍ വൈകിയ ചരിത്രമുള്ളപ്പോഴാണ് ഇവിടെയൊരു പാമ്പ് വില്ലനായത്. 

മത്സരം ആരംഭിക്കാന്‍ താരങ്ങള്‍ മൈതാനത്തിറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് പാമ്പിനെ കണ്ടെത്തിയത്. എന്നാല്‍ താരങ്ങള്‍ പരിഭ്രാന്തിയിലായില്ല. ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാമ്പിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

മത്സരത്തില്‍ ആന്ധ്രയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. ടോസ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫൈസല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് വിദര്‍ഭ ലക്ഷ്യമിടുന്നത്.