ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ റാസി വാന്‍ഡര്‍ ദസനാണ് ഐസിസി പങ്കുവെച്ച വീഡിയോയില്‍ തിരുവനന്തപുരത്തിന്‍റെ പേര് പറയാന്‍ ആദ്യം ശ്രമിക്കുന്നത്.

തിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരം കളിക്കാനായി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഇതുവരെ ഗ്രൗണ്ടിലിറങ്ങാനായിട്ടില്ലെങ്കിലും തിരുവനന്തപുരം ശരിക്കും പണി കൊടുത്തു. തിരുവനന്തപുരം നഗരത്തിന്‍റെ പേര് ഉച്ഛരിക്കാന്‍ ശ്രമിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പണി മേടിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ റാസി വാന്‍ഡര്‍ ദസനാണ് ഐസിസി പങ്കുവെച്ച വീഡിയോയില്‍ തിരുവനന്തപുരത്തിന്‍റെ പേര് പറയാന്‍ ആദ്യം ശ്രമിക്കുന്നത്. തിരുവനന്തപുരത്തെ വാന്‍ഡര്‍ ദസന്‍ തിരു വനം പുടണം ആക്കിയപ്പോള്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍ തിരുവനംതരപുരം ആക്കി. വെടിക്കെട്ട് ബാറ്ററായ ഹെന്‍റിച്ച് ക്ലാസന്‍ തിരുവവന്തപുരത്തെ തിരുവാന്‍ഡ്രം പിതൃം ആക്കി. പിന്നീട് ക്ലാസന്‍ പറഞ്ഞത് ട്രിവാന്‍ഡ്രം ആണ് കുറച്ചുകൂടി എളുപ്പമെന്നായിരുന്നു.

സ്വന്തം ടീമിനെ തഴഞ്ഞു; ലോകകപ്പില്‍ ഫൈനലില്‍ എത്തുന്ന ടീമുകളെ പ്രവചിച്ച് പാക് ഇതിഹാസം വഖാര്‍ യൂനിസ്

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയാകട്ടെ തിരുവരന്തംപുരം എന്നാണ് പറഞ്ഞത്. ടീമിലെ സ്പിന്നറായ ടബ്രൈസ് ഷംസി തിരുവനന്തം പുരം എന്നാണ് പറഞ്ഞത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് തിരുവനന്തപുരത്തെ കൃത്യമായി പറഞ്ഞുവെച്ചു. കേശവ് മഹാരാജ് മാത്രമല്ല സൂപ്പര്‍ പേസര്‍ കാഗിസോ റബാദയും തിരുവനന്തപുരം വെടിപ്പായി പറഞ്ഞു. റാബഡക്ക് പുറമെ മറ്റൊരു പേസറായ ലുങ്കി എങ്കിഡിയും തലസ്ഥാനത്തിന്‍റെ പേര് തെറ്റിക്കാതെ പറഞ്ഞവരില്‍ പെടുന്നു.

Scroll to load tweet…

അഫ്ഗാനിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സന്നാഹ മത്സരം മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. കാര്യവട്ടത്തെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ലോകകപ്പ് സന്നാഹത്തില്‍ കാര്യവട്ടത്ത് ഇന്ത്യ നാളെ നെതര്‍ലന്‍ഡ്സിനെ നേരിടും. ഇന്ത്യന്‍ ടീം ഇന്നലെ തലസ്ഥാനത്ത് എത്തയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക