ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 57-ാം ഓവറിലെ മൂന്നാം പന്തില്‍ സ്പിന്നർ നേഥന്‍ ലിയോണിന്‍റെ തകർപ്പന്‍ പന്ത് ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു പൂജാരയുടെ ശ്രമം

ഇന്‍ഡോർ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡർമാരില്‍ ഒരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് എന്ന കാര്യത്തില്‍ ആർക്കും സംശയം കാണില്ല. സ്മിത്തിന്‍റെ പറക്കും ക്യാച്ചുകള്‍ ഏറെ നമ്മള്‍ കണ്ടുകഴിഞ്ഞു. ഈ കൂട്ടത്തിലേക്കൊരു വിസ്മയ ക്യാച്ച് ഇന്ന് ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ പിറന്നു. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയെയാണ് സ്മിത്ത് വമ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. 

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 57-ാം ഓവറിലെ മൂന്നാം പന്തില്‍ സ്പിന്നർ നേഥന്‍ ലിയോണിന്‍റെ തകർപ്പന്‍ പന്ത് ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു പൂജാരയുടെ ശ്രമം. എന്നാല്‍ ഒരു സെക്കന്‍ഡ് പോലും സമയം തികയും മുമ്പ് ലെഗ് സ്ലിപ്പില്‍ സ്മിത്ത് വലത്തേക്ക് പറന്ന് നിലത്തുനിന്ന് പന്ത് ഒറ്റകൈ കൊണ്ട് കോരിയെടുത്തു. ഇതോടെ 142 പന്തില്‍ 59 റണ്‍സ് നേടിയ പൂജാരയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ പൊരുതിയ ഏക ബാറ്ററായ പൂജാര മൂന്നാമനായി ക്രീസിലെത്തി എട്ടാമത് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് പോരാട്ടം 60.3 ഓവറില്‍ 163 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 75 റണ്‍സിന്‍റെ ലീഡ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 64 റണ്‍സിന് എട്ട് വിക്കറ്റുമായി നേഥന്‍ ലിയോണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. മിച്ചല്‍ സ്റ്റാർക്കും മാത്യു കുനെമാനും ഓരോ വിക്കറ്റ് വീതം നേടി.

Scroll to load tweet…
Scroll to load tweet…

ഇന്ത്യയുടെ 109 റണ്‍സ് പിന്തുടർന്ന് രണ്ടാം ദിനമായ ഇന്ന് നാല് വിക്കറ്റിന് 156 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 189 റൺസിന് പുറത്തായി. 12 റൺസിനിടെയാണ് ഓസീസിന് അവസാന ആറ് വിക്കറ്റ് നഷ്ടമായത്. ഉമേഷ് യാദവും ആർ അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. ഇന്നലെ നാല് വിക്കറ്റും രവീന്ദ്ര ജഡേജയുടെ പേരിലായിരുന്നു. 60 റൺസെടുത്ത ഓപ്പണർ ഉസ്‍മാന്‍ ഖവാജയാണ് ടോപ് സ്കോറർ. 31 റൺസെടുത്ത മാർനസ് ലബുഷെയ്നും 26 റൺസെടുത്ത സ്റ്റീവ് സ്മിത്തും 19 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോമ്പും 21 റൺസെടുത്ത കാമറൂണ്‍ ഗ്രീനുമാണ് ഓസീസ് നിരയിൽ രണ്ടക്കം കണ്ടത്.

രണ്ട് ഇന്നിംഗ്‍സിലും 200ല്‍ താഴെ സ്കോർ; ഇരട്ട നാണക്കേടിന്‍റെ പടുകുഴിയില്‍ ടീം ഇന്ത്യ