ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്‌മാനോടാണ് ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിനെ ക്രിക്കറ്റ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ബ്രാഡ്‌മാന് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണ് സ്‌മിത്ത് എന്നാണ് വിലയിരുത്തലുകള്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ സ്‌മിത്ത് ഇപ്പോള്‍ ഒരു വണ്ടര്‍ ക്യാച്ചുകൊണ്ടും അമ്പരപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സ്‌മിത്ത് എന്ന് തെളിയിക്കുകയാണ് ഈ ക്യാച്ച്.

ആഷസ് അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ മിച്ചല്‍ മാര്‍ഷിന്‍റെ പന്തില്‍ ക്രിസ് വോക്‌സിനെയാണ് സ്ലിപ്പില്‍ സ്‌മിത്ത് പറന്നുപിടികൂടിയത്. വോക്‌സിന്‍റെ ബാറ്റിലുരസി വന്ന പന്ത് സ്‌മിത്ത് വലത്തോട്ട് പറന്ന് ഒറ്റകൈയില്‍ കുരുക്കുകയായിരുന്നു. ഇതൊക്കെ നിസാരം എന്ന ഭാവത്തിലായിരുന്നു ക്യാച്ചെടുത്ത ശേഷം സ്‌മിത്ത്. ഈ ക്യാച്ചിന് ശേഷം ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സുമായാണ് സ്‌മിത്തിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. 

പുറത്താകുമ്പോള്‍ ആറ് റണ്‍സാണ് വോക്‌സിനുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ വമ്പന്‍ ലീഡ് നേടിക്കഴിഞ്ഞു ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ചും(5), ജോഫ്ര ആര്‍ച്ചറും(3) ആണ് ക്രീസില്‍. ഇംഗ്ലണ്ടിനിപ്പോള്‍ 382 റണ്‍സ് ലീഡായി. അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ഡിലും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.