Asianet News MalayalamAsianet News Malayalam

അയ്യോ ആരിത് എബിഡിയോ? അല്ല, സ്റ്റീവ് സ്മിത്ത്! ടെസ്റ്റില്‍ ഒന്നൊന്നര സ്കൂപ്പ് ഷോട്ട്- വീഡിയോ

ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ചടുലതയും വേഗവുമില്ലാത്ത താരമെന്ന് പല തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് സ്റ്റീവ് സ്മിത്ത്

Watch Steven Smith scoop shot six to Alzarri Joseph in Australia vs West Indies 2nd Test
Author
First Published Jan 28, 2024, 3:32 PM IST

ബ്രിസ്ബേന്‍: ഗാബ ടെസ്റ്റില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ വെസ്റ്റ് ഇന്‍ഡീസ് അട്ടിമറിച്ചെങ്കിലും ബാറ്റിംഗില്‍ കയ്യടി വാങ്ങി സ്റ്റീവ് സ്മിത്ത്. കരിയറില്‍ ആദ്യമായി ടെസ്റ്റ് ഓപ്പണറായി ഇറങ്ങിയുള്ള മൂന്ന് ഇന്നിംഗ്സുകളില്‍ ദയനീയമായി പുറത്തായിട്ടും നാലാം ഇന്നിംഗ്സില്‍ സെഞ്ചുറിയോളം പോന്ന അര്‍ധസെഞ്ചുറിയുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു സ്മിത്ത്. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സിലെ അവസാന പന്ത് വരെ നീണ്ട സ്മിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് നാലാം ദിനത്തിലെ ഒരു സ്കൂപ്പ് ഷോട്ടായിരുന്നു. 

ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ചടുലതയും വേഗവുമില്ലാത്ത താരമെന്ന് പല തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് സ്റ്റീവ് സ്മിത്ത്. എന്നാല്‍ തനിക്ക് ഏത് ഷോട്ടും വഴങ്ങും എന്ന് താരം സ്ഥാപിക്കുന്നതായിരുന്നു ഓസീസ്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിലെ സ്കൂപ്പ് ഷോട്ട്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ 50-ാം ഓവറില്‍ അല്‍സാരി ജോസഫിന്‍റെ ആദ്യ പന്തില്‍ ഏവരെയും അമ്പരപ്പിച്ച് ഓഫ് സ്റ്റംപിലേക്ക് മാറി എബിഡി സ്റ്റൈലില്‍ സ്മിത്ത് സ്കൂപ്പ് ഷോട്ട് കളിക്കുകയായിരുന്നു. പന്ത് അനായാസം വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തി. ജയിക്കാന്‍ ഓസ്ട്രേലിയക്ക് ഒരു വിക്കറ്റ് കയ്യിരിലിക്കേ 20 റണ്‍സ് വേണ്ട ഘട്ടത്തിലായിരുന്നു സ്മിത്തിന്‍റെ ഈ സാഹസിക ഷോട്ട്. 

കാണാം വീഡിയോ

എന്നാല്‍ സ്റ്റീവ് സ്മിത്തിന്‍റെ ഒറ്റയാന്‍ പോരാട്ടത്തിന് ഓസ്ട്രേലിയയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. രണ്ടാം ടെസ്റ്റ് 8 റണ്‍സിന് വിജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ 1-1ന് സമനില പിടിച്ചു. അവസാന ഇന്നിംഗ്സില്‍ 216 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഓസീസ് 207 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അക്കൗണ്ട് തുറക്കാതെ പേസര്‍ ജോഷ് ഹേസല്‍വുഡ് അവസാനക്കാരനായി മടങ്ങിയപ്പോള്‍ 146 പന്തില്‍ 91* റണ്‍സുമായി സ്റ്റീവ് സ്മിത്ത് പുറത്താവാതെ നിന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 311 & 193, ഓസ്ട്രേലിയ- 289/9 d & 207. മൂന്നാം ദിനം ബാറ്റിംഗിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കറില്‍ കാല്‍വിരല്‍ മുറിഞ്ഞ് മടങ്ങിയ പേസര്‍ ഷെമാര്‍ ജോസഫ് ഇന്ന് മൈതാനത്ത് തിരിച്ചെത്തി 7 വിക്കറ്റ് വീഴ്ത്തിയതാണ് വിന്‍ഡീസിന് ഐതിഹാസിക ജയമൊരുക്കിയത്. 

Read more: ഓസ്‌ട്രേലിയയെ ഞെട്ടിച്ച് വിന്‍ഡീസ്! ഗാബയില്‍ ത്രസിപ്പിക്കുന്ന ജയം; സൂപ്പര്‍ ഹീറോയായി ഷമര്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios