വെല്ലിംഗ്‌ടണ്‍: ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന വിശേഷണമൊക്കെ അവിടെ നില്‍ക്കട്ടെ. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും ചേതേശ്വര്‍ പൂജാര ചെറിയ സ്‌കോറില്‍ മടങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 81 പന്ത് നേരിട്ട് 11 റണ്‍സെടുത്ത പൂജാര ബോള്‍ട്ടിന്‍റെ സുന്ദരന്‍ ഇന്‍ സ്വിങ്ങറില്‍ കീഴടങ്ങുകയായിരുന്നു. 

Read more: 2014ന് ശേഷം ഇതാദ്യം; ബാറ്റിംഗില്‍ വിരാട് കോലിക്ക് വമ്പന്‍ നാണക്കേട്

വെല്ലിംഗ്‌ടണില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് എന്ന് ഏവരും വിലയിരുത്തിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഈ വിശേഷണം കാത്തില്ലെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബോള്‍ട്ട് ഇന്ത്യന്‍ മുന്‍നിരയെ തരിപ്പണമാക്കി. ബോള്‍ട്ടിനെ 32-ാം ഓവറിലെ അവസാന പന്തില്‍ ലീവ് ചെയ്യാനായിരുന്നു പൂജാരയുടെ പദ്ധതി. എന്നാല്‍ ഓഫ്‌സ്റ്റംപിന് പുറത്തുവന്ന പന്ത് കുത്തിത്തിരിഞ്ഞ് ബെയ്‌ല്‍സുമായി മൂളിപ്പറന്നു. 

ഓപ്പണര്‍ പൃഥ്വി ഷാ, നായകന്‍ വിരാട് കോലി എന്നിവരെയും രണ്ടാം ഇന്നിംഗ്‌സില്‍ ബോള്‍ട്ട് മടക്കി. ഷാ 14ഉം കോലി 19ഉം റണ്‍സാണ് നേടിയത്. 16 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ്. ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 144-4 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെയും(25), ഹനുമ വിഹാരിയും(15) ആണ് ക്രീസില്‍. ആറ് വിക്കറ്റ് അവശേഷിക്കേ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് 39 റണ്‍സ് കൂടി വേണം. 

Read more: വെല്ലിംഗ്‌ടണ്‍ ടെസ്റ്റ്: ബോള്‍ട്ടാക്രമണത്തില്‍ പതറി ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു