ആകാശത്തേക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു, വെടിയുതിര്‍ത്തു! അഫ്ഗാന്‍ ആരാധകരുടേത് പ്രത്യേക തരം വിജയാഘോഷം
അഫ്ഗാനിസ്ഥാന്റെ ചരിത്രം ജയം കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകള്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാബൂള്‍: ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെ ചരിത്രം ജയം കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകള്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കരിമരുന്ന് പ്രയോഗവും മറ്റും നടക്കുന്നുണ്ട്. അതോടൊപ്പം തുടര്‍ച്ചയായി ആകാശത്തേക്ക് നിറയൊഴിച്ചും വെടിയുതിര്‍ത്തും ആരാധകര്‍ ആഘോഷം നടത്തുന്നു. എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍ കാണാം...
മുന്‍ ഇന്ത്യന്‍ താരവും കമന്റേറുമായ ഇര്‍ഫാന്‍ പത്താനും നേരത്തെ അഫ്ഗാന്റെ വിജയം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്താണ് ഇര്‍ഫാന്‍, പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കിയത്. അടുത്തിടെ പാകിസ്ഥാനില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായ മോശം അനുഭവം ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഐസിസിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പത്താന്റെ പോസ്റ്റ്.
പെഷവാറില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കാണികളിലൊരാള്‍ തനിക്ക് നേരെ ഇരുമ്പാണി എറിഞ്ഞുവെന്നും അത് തന്റെ മുഖത്ത് കൊണ്ടുവെന്നും ഇര്‍ഫാന്‍ പറയുന്നു. ഇപ്പോള്‍ പാകിസ്ഥാന്റെ തോല്‍വി താരം ആഘോഷമാക്കുകയും ചെയ്തു.
74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.