മോശം തുടക്കമായിരുന്നു മഹാരാഷ്ട്രയ്ക്ക്. എട്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

വഡോദര: വിജയ് ഹസാരെ ട്രോഫിയിയില്‍ പഞ്ചാബിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് അഞ്ച് റണ്‍സെടുത്ത് പുറത്തായിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് റുതുരാജ് മോശം പ്രകടനം പുറത്തെടുത്തത്. റുതുരാജ് നിരാശപ്പെടുത്തിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തി മഹാരഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 42 ഓവറില്‍ അഞ്ചിന് 197 എന്ന നിലയിലാണ്. അര്‍ഷിന്‍ കുല്‍ക്കര്‍ണി (102), നിഖില്‍ നായ്ക് (5) എന്നിവരാണ് ക്രീസില്‍. 

മോശം തുടക്കമായിരുന്നു മഹാരാഷ്ട്രയ്ക്ക്. എട്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ട് വിക്കറ്റുകളും അര്‍ഷ്ദീപ് സിംഗിനായിരുന്നു. ഗെയ്കവാദ് ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി. സിദ്ധേഷ് വീര്‍ (0) മൂന്നാം ഓവറിലും മടങ്ങി. ഇതില്‍ ഗെയ്കവാദിന്റെ വിക്കറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചായിരിക്കുന്നത്. അര്‍ഷ്ദീപിന്റെ ഒരു ഔട്ട് സ്വിങറില്‍ താരത്തിന്റെ ഓഫ് സ്റ്റംപ് തെറിക്കുകയായിരുന്നു. ബിസിസിഐ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ നിറയുന്നത് ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനേയും വിമര്‍ശിക്കുന്ന രീതിയിലുള്ള കമന്റുകളാണ്. ഇടങ്കയ്യനായ അര്‍ഷ്ദീപിനെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഫലത്തില്‍ മാറ്റമുണ്ടായേനെ എന്നാണ് പലരുടേയും പ്രതികരണം. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, കര്‍ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ സെഞ്ചുറി നേടി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച പെര്‍ത്ത് ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് ദേവ്ദത്ത് സെഞ്ചുറിയുമായി തിരിച്ചെത്തിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 102 റണ്‍സുമായി താരം പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടകയ്ക്ക് തുടക്കത്തില്‍ തന്നെ മായങ്കിന്റെ (6) വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. 

തുടര്‍ന്ന് മൂന്നാം ദേവ്ദത്ത് - അനീഷ് സഖ്യം 133 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് 28-ാം ഓവര്‍ വരെ നീണ്ടു. പിന്നീട് രാജ് ലിംബാനിയുടെ പന്തില്‍ അനീഷ് പുറത്തായി. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. വൈകാതെ ദേവ്ദത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 99 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 15 ഫോറും നേടി. ഉടനെ പുറത്താവുകയും ചെയ്തു. ലിംബാനിക്ക് തന്നെയായിരുന്നു വിക്കറ്റ്.