രണ്ടാം ഇന്നിംഗ്‌സില്‍ ഇതിനോടകം ഉസ്മാന്‍ ഖവാജ (5), ഡേവിഡ് വാര്‍ണര്‍ (10), മര്‍നസ് ലബുഷെയ്ന്‍ (17), മാറ്റ് റെന്‍ഷ്വൊ (2), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (6), അലക്‌സ് ക്യാരി (10) എന്നിവര്‍ പുറത്തായി.

നാഗ്പൂര്‍: ഇന്ത്യക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ചീട്ടുകൊട്ടാരം പോലെ തകരകുയാണ് ഓസ്‌ട്രേലിയ. നാഗ്പൂരില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 64 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഇപ്പോഴും 159 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. ആറില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയത് അശ്വിന്‍. ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിനെ 177ന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 400 റണ്‍സ് നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇതിനോടകം ഉസ്മാന്‍ ഖവാജ (5), ഡേവിഡ് വാര്‍ണര്‍ (10), മര്‍നസ് ലബുഷെയ്ന്‍ (17), മാറ്റ് റെന്‍ഷ്വൊ (2), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (6), അലക്‌സ് ക്യാരി (10) എന്നിവര്‍ പുറത്തായി. സ്റ്റീവന്‍ സ്മിത്ത് (12), പാറ്റ് കമ്മിന്‍സ് (0) എന്നിവരാണ് ക്രീസില്‍. പുറത്തായവരില്‍ നാല് പേരും ഇടങ്കയ്യന്മാരാണ്. നാല് പേരേയും മടക്കിയത് അശ്വിന്‍. ലബുഷെയ്‌നിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഖവാജയാണ് ആദ്യം പുറത്തായത്. അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ കോലിക്ക് ക്യാച്ച്. അടുത്തത് ലബുഷെയ്ന്‍. മുന്നാമനായിട്ട് വാര്‍ണറും മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. റെന്‍ഷ്വൊയേയും അശ്വിന്‍ ഇതുപോലെ പുറത്താക്കി. വലങ്കയ്യനായ ഹാന്‍ഡ്‌കോംപിനും ഇതുതന്നെയായിരുന്നു വിധി. മറ്റൊരു ഇടങ്കയ്യനായ ക്യാരിയും ഇതേ രീതിയില്‍ മടങ്ങി. 

എന്തായാലും വാര്‍ണറെ പുറത്താക്കിയതോടെ ഒരു നേട്ടം അശ്വിനെ തേടിയെത്തി. അശ്വിന്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന താരങ്ങളില്‍ ഒരാളായിരിക്കുകയാണ് വാര്‍ണര്‍. ടെസ്റ്റില്‍ 11 തവണ അശ്വിന്‍ വാര്‍ണറെ പുറത്താക്കി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനേയും ഇത്രയും തവണ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഒമ്പത് തവണ അശ്വിന് ഇരയായി. ന്യൂസിലന്‍ഡ് താരം ടോം ലാതം എട്ട് തവണയും അശ്വിന്റെ പന്തില്‍ പുറത്തായി. നാല് പേരും ഇടങ്കയ്യന്മാരാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ, ഏഴ് വിക്കറ്റ് നേടിയ ടോഡ് മര്‍ഫിയാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയിരുന്നത്. രോഹിത് ശര്‍മ (120), അക്‌സര്‍ പട്ടേല്‍ (84), രവീന്ദ്ര ജഡേജ (70) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 177ന് പുറത്താവുകയായിരുന്നു. 49 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ അഞ്ചും ആര്‍ അശ്വിനും മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.